അഹമ്മദാബാദ്: പട്ടികജാതി വിഭാഗത്തിൽപ്പെട്ടതിനാൽ ദളിത് യുവാവിന് വീട് വാങ്ങാൻ വിലക്ക്. അഹമ്മദാബാദിലെ എലിസ്ബ്രിഡ്ജിലാണ് സംഭവം. അഹമ്മദാബാദിലെ എലിസ്ബ്രിഡ്ജ് ഏരിയയിലെ ഗംഗോത്രി അപ്പാർട്ട്‌മെൻ്റിലെ ആളുകൾ ദളിതനായതിനാൽ തന്നെ വീട് വാങ്ങാൻ അനുവദിച്ചില്ലെന്നും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നുമുള്ള യുവാവിന്റെ പരാതിയിൽ പൊലീസ് കേസ് എടുത്തു.
എല്ലിസ്ബ്രിഡ്ജ് സ്വദേശിയും പി.ഡി.എസ് കടയുടമയുമായ ഭരത് ദേവ്ഷി വഗേര (45) നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്.
ബുധനാഴ്ച്ച ഫയൽ ചെയ്ത കേസിൽ സൊസൈറ്റിയുടെ സെക്രട്ടറി, അപ്പാർട്ട്മെന്റിലെ ഒരു താമസക്കാരൻ, വസ്തുവിൻ്റെ ഉടമ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്. വഗേര തൻ്റെ സുഹൃത്തും ബ്രോക്കറുമായ മഹേഷ് ദേശായിക്കൊപ്പം അപ്പാർട്ട്‌മെൻ്റിൻ്റെ ഒന്നാം നിലയിലെ ഒരു ഫ്ലാറ്റ് വാങ്ങാൻ പോയിരുന്നു.
60 ലക്ഷം രൂപക്ക് അപ്പാർട്ട്മെന്റിന്റെ വില പറഞ്ഞ് വെച്ചിരുന്നെന്നും വഗേര രണ്ട് ലക്ഷം രൂപയുടെ ചെക്ക് വീട്ടുടമസ്ഥന് കൈമാറിയെന്നും പരാതിയിൽ പറയുന്നു. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും 2024 ഡിസംബർ ആറിനകം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നിന്ന് വിൽപ്പനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും വഗേര പറഞ്ഞു.
എന്നാൽ ഈ വർഷം ജനുവരി 21ന് ഇരുകക്ഷികളും കൂടിക്കാഴ്ച നടത്തിയപ്പോൾ വിൽപ്പനക്കാരൻ ചില മാറ്റങ്ങൾ ആവശ്യപ്പെട്ടു. പിന്നാലെ സൊസൈറ്റിയുടെ പ്രസിഡൻ്റും സെക്രട്ടറിയും വഗേരയോട് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ജനുവരി 26 ന് വീട്ടുടമ പറഞ്ഞു. വഗേര അവരെ കാണാൻ ഭാര്യ ഗീതയോടൊപ്പം സൊസൈറ്റിയിലേക്ക് പോയി. അവിടെ ഉടമയും ഭാര്യയും സെക്രട്ടറിയും താമസക്കാരനും ഉണ്ടായിരുന്നു.
അവിടെ എത്തിയതോടെ ഒരു ദളിതന് വീട് വിൽക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവർ വഗേരയെ അധിക്ഷേപിച്ചു. തുടർന്ന് വഗേര പൊലീസിൽ പരാതി നൽകുകയായിരുന്നു.
മൂന്ന് പ്രതികൾക്കെതിരെയും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ സെക്ഷൻ 3(2)(va), 3(1)(r) പ്രകാരവും ഭാരതീയ ന്യായ സംഹിതയിൽ സെക്ഷൻ 54 പ്രകാരം പൊലീസ് കേസ് എടുത്തു.
Content Highlight: ‘Not allowed to buy house’: Dalit man alleges caste discrimination, FIR registered