| Monday, 13th May 2019, 5:30 pm

'എന്നെ അപമാനിക്കാന്‍ ജാമ്യത്തിലിറങ്ങിയ ചിലര്‍ ഡിക്ഷ്ണറിയില്‍ പുതിയ വാക്കുകള്‍ തിരയുന്നു'; രാഹുലിനെയും സോണിയയെയും പരിഹസിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോളന്‍ (ഹിമാചല്‍ പ്രദേശ്): ജാമ്യത്തിലിറങ്ങിയ ചിലര്‍ തന്നെ അപമാനിക്കുന്നതിനുവേണ്ടി ദിവസവും പുതിയ വാക്കുകള്‍ തിരയാറുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിമാചല്‍ പ്രദേശിലെ സോളനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യത്തിലിറങ്ങിയിട്ടുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉദ്ദേശിച്ചായിരുന്നു മോദിയുടെ പ്രസംഗം.

‘ജാമ്യത്തിലുള്ള ചിലര്‍ ഓരോ ദിവസവും നിങ്ങളുടെ ചൗക്കിദാറിനെ അപമാനിക്കാന്‍ ഡിക്ഷ്ണറിയില്‍ പുതിയ വാക്കുകള്‍ തിരയാറുണ്ട്. പക്ഷേ നിങ്ങളുടെ ചൗക്കിദാര്‍ അതില്‍ പതറില്ല.’- അദ്ദേഹം പറഞ്ഞു.

സോളനില്‍ പ്രിയങ്കാ ഗാന്ധിക്കു വീടുള്ള കാര്യവും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

കോണ്‍ഗ്രസിന്റെ ലക്ഷ്യം മോദിയെ പരാജയപ്പെടുത്തുക എന്നതു മാത്രമാണെന്നും എന്നാല്‍ തന്റെ ലക്ഷ്യം ഒരു അന്താരാഷ്ട്ര ഇടത്തിലേക്ക് ഇന്ത്യയെ വളര്‍ത്തുക എന്നതാണെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദിഗ്‌വിജയ് സിങ്ങിന് വോട്ട് ചെയ്യാനാകാതെ പോയതിനെ അദ്ദേഹം വിമര്‍ശിച്ചു. ഈ രാജ്യം അതിന്റെ പ്രതിനിധികളെ തെരഞ്ഞെടുക്കുകയാണ്. ഞാന്‍ അഹമ്മദാബാദില്‍പ്പോയി എന്റെ വോട്ട് ചെയ്തു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ക്യൂവില്‍ നിന്നാണ് വോട്ട് ചെയ്തത്. പക്ഷേ വോട്ട് ചെയ്യണമെന്ന് ‘ദിഗ്ഗി രാജ’യ്ക്കു തോന്നിയില്ല- മോദി പരിഹസിച്ചു.

We use cookies to give you the best possible experience. Learn more