ഭുവനേശ്വര്‍: ഒരു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സഹായിക്കുന്നത് ഇരട്ട എഞ്ചിനല്ലെന്നും നല്ല ഭരണമാണെന്നും ഒഡിഷ മുഖ്യമന്ത്രിയും ബി.ജെ.ഡി അധ്യക്ഷനുമായ നവീന്‍ പട്‌നായിക്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തോറ്റ ബി.ജെ.പിയെ പരിഹസിക്കുകയായിരുന്നു അദ്ദേഹം.
ജാര്‍സുഗുഡ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി സ്ഥാനാര്‍ത്ഥി വിജയിച്ചതിന്റെ ആഘോഷത്തിലാണ് അദ്ദേഹം പേരെടുത്ത് പറയാതെ ബി.ജെ.പിക്കെതിരെ സംസാരിച്ചത്.
‘സിംഗിള്‍ എഞ്ചിനാണോ, ഡബിള്‍ എഞ്ചിനാണോ എന്നതല്ല കാര്യം. ഭരണത്തിനാണ് പ്രാധാന്യം. മികച്ചതും ജനപക്ഷവുമായ ഭരണമാണ് എപ്പോഴും വിജയിക്കുക,’ പട്‌നായിക് പറഞ്ഞു.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഡബിള്‍ എഞ്ചിന്‍ എന്ന മുദ്രാവാക്യമായിരുന്നു മുന്നോട്ട് വെച്ചത്.
കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.ഡിയുടെ ദിപാലി ദാസ് 48,721 വോട്ടുകള്‍ക്ക് ബി.ജെ.പിയെ തോല്‍പിക്കുകയായിരുന്നു.
കൊല്ലപ്പെട്ട ഒഡീഷ ആരോഗ്യമന്ത്രിയും ബി.ജെ.ഡി നേതാവുമായ നബ കിഷോറിന്റെ മകളാണ് ദിപാലി ദാസ്. ജനുവരിയില്‍ പൊതുപരിപാടിക്കിടെ പൊലീസുകാരന്റെ വടിയേറ്റ് അദ്ദേഹം ചികിത്സക്കിടെ മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മണ്ഡലമായിരുന്നു ജാര്‍സുഗുഡ.
അതേസമയം കര്‍ണാടകയില്‍ റീകൗണ്ടിങ്ങിലൂടെ കോണ്‍ഗ്രസ്- 135, ബി.ജെ.പി- 66, ജെ.ഡി.എസ്- 19 എന്നിങ്ങനെ വോട്ട് നില മാറിയിട്ടുണ്ട്.
content highlight: Not a twin engine; Good governance is key: Naveen Patnaik