| Monday, 30th January 2023, 2:43 pm

239 പന്തെറിഞ്ഞിട്ടും പേരിന് പോലും ഒന്ന് ഇല്ലാതെ പോയല്ലോ! അതും ടി-20യില്‍!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ഇരു ടീമും ഓരോ വിജയവുമായി സമനില പാലിക്കുകയാണ്.

ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ റാഞ്ചിയില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യയെ തോല്‍പിച്ച് ന്യൂസിലാന്‍ഡ് മുന്നിലെത്തിയപ്പോള്‍ ലഖ്‌നൗവില്‍ വെച്ച് നടന്ന രണ്ടാം മത്സരത്തില്‍ വിജയം കൈപ്പിടിയിലൊതുക്കി ഇന്ത്യ ഒപ്പമെത്തി.

കഴിഞ്ഞ ദിവസം എകാന സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 100 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഒരു പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവികളുടെ കണക്കുകൂട്ടലുകള്‍ ഒന്നാകെ പിഴക്കുന്ന കാഴ്ചയായിരുന്നു എകാന സ്റ്റേഡിയത്തില്‍ കണ്ടത്. 3.3 ഓവറില്‍ നില്‍ക്കവെ ചഹലിന്റെ കുത്തി തിരിപ്പിന് മുമ്പില്‍ ഉത്തരമില്ലാതെ ഫിന്‍ അലന്‍ വീണു. പത്ത് പന്തില്‍ നിന്നും 11 റണ്‍സായിരുന്നു അലന്റെ സമ്പാദ്യം. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് ആയപ്പോഴേക്കും ഡെവോണ്‍ കോണ്‍വേയും 35ാം റണ്‍സില്‍ ഗ്ലെന്‍ ഫിലിപ്‌സും പുറത്തായി.

23 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറാണ് കിവികളുടെ ടോപ് സ്‌കോറര്‍. ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലാന്‍ഡ് 99 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും കാര്യങ്ങല്‍ ഒട്ടും പന്തിയായിരുന്നില്ല. 17ല്‍ നില്‍ക്കവെ ശുഭ്മന്‍ ഗില്ലിനെ ടീമിന് നഷ്ടമായിരുന്നു. ഒമ്പത് പന്തില്‍ നിന്നും 11 റണ്‍സുമായിട്ടാണ് ഗില്‍ പുറത്തായത്.

ടീം സ്‌കോര്‍ 46ല്‍ നില്‍ക്കവെ 19 റണ്‍സുമായി ഇഷാന്‍ കിഷനും 50ാം റണ്‍സില്‍ 13 റണ്‍സുമായി ത്രിപാഠിയും പുറത്തായി. ഒടുവില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

31 പന്തില്‍ നിന്നും 26 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറരും മാന്‍ ഓഫ് ദി മാച്ചും.

കഴിഞ്ഞ മത്സരത്തില്‍ ഇരു ടീമും ചേര്‍ന്ന് 239 പന്ത് നേരിട്ടെങ്കിലും ആകെ പിറന്നത് 14 ബൗണ്ടറിയാണ്. പേരിന് പോലും ഒരു സിക്‌സര്‍ എകാനയിലെ മത്സരത്തില്‍ പിറന്നിരുന്നില്ല എന്നതാണ് ആരാധകരെ നിരാശരാക്കുന്ന പ്രധാന വസ്തുത. വമ്പനടി വീരന്‍മാരായ ഡെവോണ്‍ കോണ്‍വേയും ഗ്ലെന്‍ ഫിലിപ്‌സും സൂര്യകുമാര്‍ യാദവും എല്ലാവരുമുണ്ടായിട്ടും ഒറ്റ സിക്‌സര്‍ പോലും നേടാന്‍ ആര്‍ക്കുമായില്ല.

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ വിജയിക്കുകയും കിവികള്‍ക്കൊപ്പമെത്തുകയും ചെയ്തതോടെ ഫെബ്രുവരി ഒന്നിന് ഗുജറാത്തില്‍ വെച്ച് നടക്കുന്ന സീരീസ് ഡിസൈഡര്‍ മത്സരം ആവേശകരമാകുമെന്നുറപ്പാണ്.

സ്വന്തം മണ്ണില്‍ കാലങ്ങളായി പരമ്പര തോറ്റിട്ടില്ല എന്ന വിന്നിങ് സ്ട്രീക്ക് നിലനിര്‍ത്താനും 2023ലെ നാലാം പരമ്പര സ്വന്തമാക്കാനും ഗുജറാത്തില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

Content Highlight: Not a single six was hit in the second match of the India-New Zealand T20I series

We use cookies to give you the best possible experience. Learn more