| Tuesday, 31st October 2023, 6:07 pm

സംപൂജ്യം; കങ്കണയുടെ 'തേജസ്' കാണാന്‍ ഒരാള്‍ പോലും എത്തിയില്ല; 2023ലെ ബോക്സ് ഓഫീസ് ദുരന്തമെന്ന് തിയേറ്റര്‍ ഉടമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കങ്കണ റണാവത്ത് നായികയായ തേജസ് ഒക്ടോബര്‍ 27നാണ് റിലീസ് ചെയ്തത്. എയര്‍ ഫോഴ്‌സ് പൈലറ്റായാണ് ചിത്രത്തില്‍ കങ്കണ അഭിനയിച്ചത്. തേജസ് 2023ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ദുരന്തമായെന്നാണ് വിതരണക്കാര്‍ പറയുന്നത്. ബോളിവുഡ് ഹങ്കാമ പുറത്ത് വിട്ട് റിപ്പോര്‍ട്ട് പ്രകാരം വളരെ കുറവ് ഒക്യുപ്പെന്‍സിയാണ് ചിത്രത്തിന് ലഭിക്കുന്നതെന്ന് പറയുന്നു.

‘ഞായറാഴ്ച പോലും ചിത്രം കാണാന്‍ ആളില്ല. ഓരോ ഷോയ്ക്കും പത്ത് പന്ത്രണ്ട് പേര് മാത്രമേ വരുന്നുള്ളൂ. തിങ്കള്‍ മുതല്‍ അമ്പത് ശതമാനത്തിലധികം ഷോകള്‍ കാന്‍സല്‍ ചെയ്യുകയാണ്,’ വിതരണക്കാര്‍ പറഞ്ഞു.

തേജസ് ഈ വര്‍ഷത്തെ വലിയ ദുരന്തമാണെന്നാണ് ബിഹാറിലെ തിയേറ്റര്‍ ഉടമയായ വിശേക് ചൗഹാന്‍ പറഞ്ഞത്. ‘ഒരാള്‍ പോലും കാണാന്‍ വരാത്തത് കൊണ്ട് ഈ വര്‍ഷം ഇതാദ്യമായി എന്റെ തിയേറ്ററിലെ മോണിങ് ഷോ കാന്‍സലായി. ബാക്കി ഷോകള്‍ക്ക് കഷ്ടിച്ച് 30 പേരാണ് വന്നത്,’ വിശേക് പറഞ്ഞു. കാണാന്‍ ഒരാള്‍ പോലും വരാത്തതിനാല്‍ തേജസിന്റെ 15 ഷോകള്‍ കാന്‍സലായി എന്നാണ് സൂറത്തിലെ മള്‍ട്ടി പ്ലസ് ഉടമയായ കിരിത്ഭാസ് ടി വഗാസിയ പറഞ്ഞത്.

തേജസിന് വളരെ കുറവ് കളക്ഷനാണ് ലഭിക്കുന്നത് എന്ന് മുംബൈ മള്‍ട്ടി പ്ലസ് ഉടമസ്ഥനായ മനോജ് ദേശായി പറഞ്ഞു. ‘തിങ്കളാഴ്ച 100 പേരെ കിട്ടി. ബാക്കി ഷോകള്‍ക്ക് 100ല്‍ താഴെ ആളുകളാണ് വന്നത്,’ മനോജ് ദേശായി പറഞ്ഞു.

റിലീസ് ചെയ്ത് നാലാം ദിനത്തില്‍ തേജസിന് 50 ലക്ഷം മാത്രമാണ് വരുമാനം ലഭിച്ചത്. 60 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ഇതുവരെ 4.25 കോടി മാത്രമാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടാനായത്.

നേരത്തെ കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തമിഴ് ചിത്രം ചന്ദ്രമുഖി 2 ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു.2022 ല്‍ കങ്കണ നായികയായി എത്തിയ ധക്കഡ് എന്ന ചിത്രവും വലിയ ബോക്സോഫീസ് ദുരന്തമായിരുന്നു. എമര്‍ജെന്‍സിയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന കങ്കണയുടെ ചിത്രം. അടിയന്തിരാവസ്ഥ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രത്തില്‍ മുന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായാണ് കങ്കണ അഭിനയിക്കുന്നത്.

Content Highlight: Not a single person came to see Kangana’s ‘Tejas’; Theater owners says the movie is a box office disaster

We use cookies to give you the best possible experience. Learn more