തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി കമ്പനിക്ക് വേണ്ടി ഒരു തുള്ളി ഭൂഗര്‍ഭജലം എടുക്കില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രേജേഷ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മലമ്പുഴ ഡാമില്‍ നിന്നും പാലക്കാട് നഗരത്തിലേക്ക് ആവശ്യമായി വെള്ളത്തിന്റെ 1.1 ശതമാനം വെള്ളം മാത്രമാണ് ബ്രൂവറി കമ്പനിക്ക് ആവശ്യമായതെന്നും അതിന് പുറമെ അഞ്ച് ഏക്കറില്‍ കമ്പനി മഴവെള്ള സംഭരണി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
രഹസ്യരേഖയെന്നോണം പ്രതിപക്ഷ നേതാവ് ഇന്ന് പുറത്തുവിട്ടിട്ടുള്ള കാബിനറ്റ് നോട്ട് രണ്ടാഴ്ച മുമ്പ് തന്നെ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയതാണെന്നും കമ്പനിക്ക് തിടുക്കത്തില്‍ അനുമതി നല്‍കിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. വിഷയത്തില്‍ ഘടകകക്ഷികള്‍ക്ക് ആശയക്കുഴപ്പമുണ്ടായി എന്നത് മാധ്യമ സൃഷ്ടിയാണെന്നും അങ്ങനെയുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ വ്യക്തത വരുത്തുമെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നിലവില്‍ വന്നാല്‍ വര്‍ഷത്തില്‍ 4000 കോടി രൂപയുടെ ബിസിനസ് നടക്കുമെന്നും ജി.എസ്.ടി വഴി 210 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി കേരളത്തില്‍ വരണമെന്നാണ് നിലപാടെന്നും വെള്ളമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് ഇപ്പോള്‍ സ്പിരിറ്റെത്തുന്നത് പ്രധാനമായും മഹാരാഷ്ട്രയില്‍ നിന്നാണെന്നും രണ്ടാം സ്ഥാനത്ത് കര്‍ണാടകയാണെന്നും മന്ത്രി പറഞ്ഞു. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി സഭയിലെ മന്ത്രിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനും സ്പിരിറ്റ് നിര്‍മാണശാലയുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യങ്ങളെല്ലാം നേരത്തെ തന്നെ താന്‍ പറഞ്ഞതാണെന്നും എന്നാല്‍ ഇതിനോടൊന്നും പ്രതിപക്ഷനേതാവോ മുന്‍ പ്രതിപക്ഷ നേതാവോ പ്രതികരിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് അവരോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ മാധ്യമങ്ങളും തയ്യാറായില്ലെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ മന്ത്രി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഫെബ്രുവരി 17ന് ഒരുമിച്ച് പദ്ധതി പ്രദേശം സന്ദര്‍ശിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ നിന്ന് പിന്‍മാറില്ലെന്നും മന്ത്രി പറഞ്ഞു.
CONTENT HIGHLIGHTS: Not a single drop of ground water will be taken or allowed to be taken for the brewery at Ellapulli: M.B. Rajesh