| Tuesday, 7th February 2017, 12:59 pm

കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഹരിത ട്രിബ്യൂണല്‍: നാടകം നിര്‍ത്തണം, ഗംഗയിലെ ഒരു തുള്ളി വെള്ളം പോലും നിങ്ങള്‍ ഇതുവരെ ശുചീകരിച്ചിട്ടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗംഗയിലെ ഒരു തുള്ളിവെള്ളം പോലും ശുദ്ധിയാക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. പ്രധാനമന്ത്രിയുടെ ഗംഗാ ശുചീകരണ പദ്ധതി പൂര്‍ണ്ണ പരാജയമാണെന്നും പദ്ധതിയുടെ പേരില്‍ പൊതു പണത്തിന്റെ ദുര്‍വ്യയമാണ് നടക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.


Also read സാഹിത്യോത്സവത്തില്‍ ആള്‍ദൈവത്തെ കൊണ്ടുവന്നതിലൂടെ ഒളിച്ച് കടത്തിയ ആശയമെന്ത് ?: എം.എ ബേബിയോടും സാഹിത്യകാരന്മാരോടും ചോദ്യങ്ങളുമായി ശാരദക്കുട്ടി 


ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ നടത്തിയത്. പ്രധാന മന്ത്രി “നമാമി ഗംഗാ പദ്ധതി” എങ്ങനെയാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. നദി ശുചീകരണ വിഷയത്തില്‍ പരസ്പരം പഴി ചാരുന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ നാടകം ഇനി നടക്കില്ലെന്നും കോടതി പറഞ്ഞു.

പ്രധാനമന്ത്രി നിങ്ങള്‍ക്ക് തന്നിരിക്കുന്ന ലക്ഷ്യം സര്‍ക്കാര്‍ ഏജന്‍സികള്‍ ഒറ്റക്കെട്ടായി ചെയ്യണമെന്നും ദേശീയ പദ്ധതിയായി അതിനെ കണക്കിലെടുത്ത് ലക്ഷ്യം പൂര്‍ത്തീകരിക്കണമെന്നും ട്രിബ്യൂണല്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഗംഗയുടെ ശുചീകരണത്തിനായി 2,000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും സര്‍ക്കാര്‍ ഏജന്‍സികളും തങ്ങളുടെ ജോലി കൃത്യമായി ചെയ്യാത്തത് കൊണ്ടാണ് ഈ അവസ്ഥയുണ്ടായതെന്നും നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യങ്ങള്‍ ശരിയായ രീതിയില്‍ ചെയ്തിരുന്നെങ്കില്‍ ഇന്നിവിടെ നില്‍ക്കേണ്ട അവസ്ഥ വരില്ലായിരുന്നെന്നും കോടതി കുറ്റപ്പെടുത്തി. എല്ലാവരും ഗംഗയെ ശുദ്ധിയാക്കുന്നു എന്നാണ് പറയുന്നത്. പക്ഷേ ഗംഗയിലെ ഒരു തുള്ളി വെള്ളം പേലും ശുദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നും ട്രിബ്യൂണല്‍ പറഞ്ഞു.

ഗംഗയുടെ തീരത്ത് പ്രവര്‍ത്തിക്കുന്ന 14 വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന മുന്നറിയിപ്പും ട്രിബ്യൂണല്‍ നല്‍കിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ എത്രയും പെട്ടന്ന് അടച്ചു പൂട്ടണമെന്ന് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അതിന് തയ്യാറാകാത്തതിന്റെ വിശദീകരണം നല്‍കുവാനും കോടതി വ്യവയായ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

We use cookies to give you the best possible experience. Learn more