ന്യൂദല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് എതിരായ നടപടികളുമായി പൂനെ പൊലീസിന് മുന്നോട്ട് പോകാമെന്നു സുപ്രീം കോടതി. അറസ്റ്റിനെതിരെ റൊമില ഥാപ്പര്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി.
ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവും കോടതി തള്ളി. എതിരഭിപ്രായം തുറന്നു പറഞ്ഞതിന്റെ പേരിലാണ് അറസ്റ്റെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി നിലപാടെടുത്തു. ആക്ടിവിസ്റ്റുകളുടെ വീട്ടുതടങ്കല്‍ നാലാഴ്ച കൂടി കോടതി നീട്ടുകയും ചെയ്തു.
“അവര്‍ക്ക് താല്‍പര്യമുള്ള അന്വേഷണം വേണമെന്നു പറയാന്‍ ആരോപണ വിധേയര്‍ക്ക് കഴിയില്ലെന്നും ഏത് രീതിയില്‍ അറസ്റ്റു ചെയ്യപ്പെടണമെന്നത് അവര്‍ക്ക് തിരഞ്ഞെടുക്കാനാവില്ലെന്നും” ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം ഖാന്‍വില്‍കര്‍ എന്നിവര്‍ നിരീക്ഷിച്ചു. എന്നാല്‍ ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് ഇവരുടെ നിലപാടിനോടു വിയോജിക്കുകയും ഇതുസംബന്ധിച്ച് സ്വതന്ത്ര അന്വേഷണം അനുവദിക്കണമെന്ന ആവശ്യവും മുന്നോട്ടുവെക്കുകയും ചെയ്തു.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വാര്‍ത്താസമ്മേളനം നടത്തിയ പൂനെ പൊലീസ് നടപടിയേയും ചന്ദ്രചൂഢ് വിമര്‍ശിച്ചു. “കോടതി മേല്‍നോട്ടത്തിലുള്ള എസ്.ഐ.ടി അന്വേഷണം ആവശ്യമായ കേസാണിത്. അന്വേഷണം കുറ്റമറ്റതല്ലെന്ന തോന്നലുണ്ടാക്കുന്നതാണ് പൂനെ പൊലീസിന്റെ ഇടപെടലുകള്‍.” എന്നായിരുന്നു ചന്ദ്രചൂഢിന്റെ വിധി.
ഭീമ കൊറേഗാവ് അക്രമത്തില്‍ മാവോയിസ്റ്റ് ഇടപെടലുണ്ടെന്ന് ആരോപിച്ച് ആഗസ്റ്റ് 28നാണ് അഞ്ച് ആക്ടിവിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഗൗതം നവലാഖ്, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പി. വരവര റാവു, ആക്ടിവിസ്റ്റുകളായ വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെറാറിയ, അഭിഭാഷക സുധ ഭരദ്വാജ്, പൗരാവകാശ പ്രവര്‍ത്തകന്‍ ആനന്ദ് ടെല്‍തുംഡെ എന്നിവരെയാണ് പൂനെ പൊലീസ് അറസ്റ്റു ചെയ്തത്.
2017ല്‍ ഭീമ കൊറേഗാവില്‍ പരിപാടി സംഘടിപ്പിച്ച എല്‍ഗാര്‍ പരിഷത്ത് എന്ന സംഘടനയ്ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു പൂനെ പൊലീസിന്റെ നടപടി.
പരിപാടി നടക്കുന്നതിന്റെ തലേദിവസം നടന്ന പ്രസംഗങ്ങളാണ് പിറ്റേദിവസത്തെ അക്രമ സംഭവങ്ങള്‍ക്ക് ഒരു കാരണമെന്നായിരുന്നു പൊലീസ് ആരോപണം. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് അഭിഭാഷകരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഈ ആക്ടിവിസ്റ്റുകളുടെ പേരുവിവരങ്ങള്‍ ലഭിച്ചതെന്നായിരുന്നു പൊലീസ് അവകാശവാദം.
ജൂണ്‍ ആറിന് പൂനെ പൊലീസ് ആക്ടവിസ്റ്റുകളായ സുധീര്‍ ധവാലെ, റോണ വില്‍സണ്‍ അഭിഭാഷകരായ സുരേന്ദ്ര ഗാഡ്ലിങ്, നാഗ്പൂര്‍ യൂണിവേഴ്സിറ്റി പ്രഫസര്‍ ഷോമ സെന്‍, പ്രധാനമന്ത്രിയുടെ ഗ്രാമ വികസന ഫെലോയായിരുന്ന മഹേഷ് റൗട്ട് എന്നിവരെ അറസ്റ്റു ചെയ്തിരുന്നു.
പിറ്റേദിവസം ഇവരെ കോടതിയില്‍ ഹാജരാക്കിയ പൊലീസ് “ഗ്രാമീണ മേഖലയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളില്‍” നിന്നും പിടിച്ചെടുത്ത വിവരങ്ങള്‍ അനുസരിച്ച് രാജീവ് ഗാന്ധിയെപ്പോലെ ഇവര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കൊലചെയ്യാന്‍ പദ്ധതിയിട്ടെന്ന് അവകാശപ്പെട്ടിരുന്നു. ഈ അഞ്ചുപേര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരം കേസെടുക്കുകയും ഇവരെ പൂനെയിലെ യെര്‍വാദ ജയിലില്‍ അടയ്ക്കുകയും ചെയ്തിരുന്നു.