നോർവീജിയൻ കപ്പലുകൾക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം
World
നോർവീജിയൻ കപ്പലുകൾക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th December 2023, 8:16 pm

വാഷിങ്ടൺ: ചെങ്കടലില്‍ നോര്‍വീജിയന്‍ പെട്രോകെമിക്കല്‍ ടാങ്കറുകളെ യെമനില്‍ നിന്ന് വിക്ഷേപിച്ച പ്രൊജക്ടൈലുകള്‍ ആക്രമിച്ചതായി യു.എസ് അധികൃതര്‍.

കെമിക്കല്‍, ഓയില്‍ ഉത്പന്നങ്ങള്‍ വഹിക്കുന്ന എം/വി സ്വാന്‍ അറ്റ്ലാന്റിക് എന്ന ടാങ്കറുകളെ യെമനില്‍ നിന്ന് ഹൂത്തികള്‍ വിക്ഷേപിച്ച പ്രൊജക്ടൈലുകള്‍ തെക്കന്‍ ചെങ്കടലില്‍ വെച്ച് ഇടിച്ചതായാണ് റിപ്പോര്‍ട്ട്. റീയൂണിയന്‍ ദ്വീപിലേക്ക് വെജിറ്റബിള്‍ ഓയില്‍ കൊണ്ടുപോവുന്നതിനിടെയായിരുന്നു ആക്രമണം.

കപ്പലിന്റെ വാട്ടര്‍ ടാങ്കിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ കപ്പലിന്റെ എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സി.ഇ.ഒ ഒയ്സ്റ്റീന്‍ എല്‍ഗാന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കെമിക്കല്‍ ടാങ്കറുകള്‍ക്ക് ഇസ്രഈലുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപ്പലില്‍ ചെറിയ രീതിയില്‍ ഉണ്ടായ തീപിടുത്തം ജീവനക്കാര്‍ നിയന്ത്രണ വിധേയമാക്കിയതായും എല്‍ഗാന്‍ പറഞ്ഞു.

അതേസമയം ഹൂത്തി വിമതര്‍ ചെങ്കടലിന് മുകളിലൂടെ വിക്ഷേപിച്ച 14 ഡ്രോണുകള്‍ അമേരിക്ക വെടിവെച്ചിട്ടതായി യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് മാധ്യമങ്ങളോട് പറഞ്ഞു.

ഇറാന്റെ പിന്തുണയുള്ള ഹൂത്തി വിമതര്‍ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന ആക്രമണം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും സമാധാനത്തിനും ഭീഷണിയാകുമെന്ന ആശങ്കയും യു.എസ് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് തങ്ങള്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഹൂത്തികള്‍ പറഞ്ഞു. ഗസയിലെ അധിനിവേശം അവസാനിപ്പിക്കുന്നത് വരെ ഇസ്രഈലിന് നേരെ ഇനിയും ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുമെന്ന് ഹൂത്തികള്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Norwegian tanker attacked in Red Sea from Houthi-controlled Yemen