ഓസ്‌ലോ: ലെബനനില്‍ പേജറുകള്‍ വിതരണം ചെയ്ത ബി.എ.സി എന്ന കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്ന മലയാളിയായ റിന്‍സണ്‍ ജോസിനെതിരെ സെർച്ച് വാറണ്ട് പുറപ്പെടുവിച്ച് നോര്‍വീജിയന്‍ പൊലീസ്.
നാഷണല്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ സര്‍വീസിന്റേതാണ് നടപടി. രാജ്യാന്തര തലത്തില്‍ തിരച്ചില്‍ നടത്തുന്നതിനായാണ് നോര്‍വീജിയന്‍ പൊലീസിന്റെ വാറണ്ട്. നിലവിൽ ഇന്റർ പോളിനോടാണ് നോർവീജിയൻ പൊലീസ് സഹായം തേടിയിരിക്കുന്നത്.
നേരത്തെ റിന്‍സണ്‍ ജോസിന്റെ കമ്പനിക്ക് പേജര്‍ സ്ഫോടനത്തില്‍ ബന്ധമില്ലെന്ന് ബള്‍ഗേറിയന്‍ അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു. റിന്‍സണിന്റെ കമ്പനിയായ നോര്‍ട്ട ഗ്ലോബല്‍ പേജറുകള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല, പേജറുകള്‍ നിര്‍മിച്ച ബി.എ.സി എന്ന കമ്പനിയുമായി അനധികൃത സാമ്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്നും അന്വേഷണ ഏജന്‍സി കണ്ടെത്തിയിരുന്നു.
ബള്‍ഗേറിയില്‍ നിന്ന് യാതൊരു വിധത്തിലുള്ള പേജറുകളും നിര്‍ദ്ദിഷ്ട കമ്പനിക്ക് കയറ്റിയയ്ക്കുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ല. സ്ഫോടനം നടന്ന പേജറുകളും ബള്‍ഗേറിയയുമായി യാതൊരുവിധ ബന്ധവുമില്ലെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.
ബി.എ.സി കമ്പനിയുമായി നോര്‍ട്ട ഗ്ലോബലിന് 1.6 മില്ല്യണ്‍ യൂറോ കൈമാറിയിരുന്നെങ്കിലും അത് നിയമപരമായ കൈമാറ്റമാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പേജറുകള്‍ വിതരണം ചെയ്ത ബി.എ.സി എന്ന കമ്പനിക്ക് നോര്‍ട്ട ഗ്ലോബല്‍ പണം നല്‍കിയെതിനെ തുടര്‍ന്നാണ് റിന്‍സണിന്റെ കമ്പനിക്കെതിരെ അന്വേഷണം നടത്തിയത്.
ബള്‍ഗേറിയയിലെ സോഫിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ട്ട ഗ്ലോബല്‍ ലിമിറ്റഡ്, ഹിസ്ബുള്ളയ്ക്ക് പേജറുകള്‍ വില്‍ക്കാന്‍ സൗകര്യമൊരുക്കിയിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇടപാടുമായി ബന്ധപ്പെട്ട് ഒന്നര ദശലക്ഷം യൂറോ ബള്‍ഗേറിയയിലൂടെ ഹംഗറിയിലേക്ക് അയച്ചതായി ബള്‍ഗേറിയന്‍ ചാനല്‍ ബി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് റിസണിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും നിലവില്‍ സെർച്ച് വാറണ്ട് പുറപ്പെടുവിച്ചതും.
വയനാട്, മാനന്തവാടി സ്വദേശിയും നോര്‍വീജിയന്‍ പൗരനുമാണ് റിന്‍സണ്‍ ജോസ്. റിന്‍സണിന്റെ ഉടമസ്ഥതയിലുള്ള നോര്‍ട്ട ഗ്ലോബല്‍ 2022 ഏപ്രിലിലാണ് സ്ഥാപിതമായത്. ബള്‍ഗേറിയ കേന്ദ്രീകരിച്ചാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്.
അതേസമയം ലെബനനിലും സിറിയയിലെ ചില ഭാഗങ്ങളിലും പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. 2,900ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു, ഇവരില്‍ 287 പേരുടെ നില ഗുരുതരമാണ്.
തിരിച്ചടിയുണ്ടാകുമെന്ന് ഹിസ്ബുള്ളയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായതോടെ ഇസ്രഈല്‍ ലെബനനില്‍ ആക്രമണം ശക്തമാക്കിയിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 700ലധികം ആളുകള്‍ ഇസ്രഈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
Content Highlight: Norwegian police have issued an search request against Rinson Jose