'പ്രസിഡന്റ് ബൈഡൻ, മിസ്റ്റർ ബ്ലിങ്കൻ, യൂറോപ്യൻ നേതാക്കളേ, നിങ്ങൾ അവരുടെ കരച്ചിൽ കേൾക്കുന്നില്ലേ?'
World News
'പ്രസിഡന്റ് ബൈഡൻ, മിസ്റ്റർ ബ്ലിങ്കൻ, യൂറോപ്യൻ നേതാക്കളേ, നിങ്ങൾ അവരുടെ കരച്ചിൽ കേൾക്കുന്നില്ലേ?'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th November 2023, 7:31 pm

ഗസ: ഗസയിലെ അൽ ശിഫ ആശുപത്രിയിൽ ഇസ്രഈൽ ബോംബാക്രമണം നടത്തിയതിന് പിന്നാലെ ലോകനേതാക്കൾക്കെതിരെ വീഡിയോ സന്ദേശവുമായി നോർവീജിയൻ ഡോക്ടർ മാഡ്സ് ഗിൽബെർട്ട്.

ബൈഡനെയും ബ്ലിങ്കനെയും അഭിസംബോധന ചെയ്ത വീഡിയോ യിൽ എപ്പോഴാണ് നിങ്ങൾ ആക്രമണങ്ങൾ അവസാനിപ്പിക്കുക എന്നും നിഷ്കളങ്കരായ മനുഷ്യരുടെ കരച്ചിൽ കേൾക്കുന്നില്ലേ എന്നും ചോദിക്കുന്നു.

നോർത്ത് നോർവേ യൂണിവേഴ്സിറ്റി ആശുപത്രിയിൽ എമർജൻസി മെഡിസിൻ വിഭാഗം മേധാവിയായ ഗിൽബെർട്ട് ദശാബ്ദങ്ങളായി ഫലസ്തീനിൽ ഡോക്ടഴ്സ് വിതൗട്ട് ബോർഡേഴ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

‘പ്രസിഡന്റ്‌ ബൈഡൻ, മിസ്റ്റർ ബ്ലിങ്കൻ, നിങ്ങൾക്കെന്നെ കേൾക്കാമോ? യൂറോപ്പ്യൻ രാജ്യങ്ങളിലെ പ്രസിഡന്റുമാരേ, പ്രധാനമന്ത്രിമാരേ… നിങ്ങൾക്കെന്നെ കേൾക്കാമോ?

അൽ ശിഫ ആശുപത്രിയിൽ നിന്നും അൽ ഔദാ ആശുപത്രിയിൽ നിന്നുമുള്ള കരച്ചിൽ നിങ്ങൾക്ക് കേൾക്കാമോ? നിഷ്കളങ്കരായ മനുഷ്യരുടെ കരച്ചിൽ നിങ്ങൾക്ക് കേൾക്കാമോ?

സുരക്ഷിതമായ ഇടം തേടി ആശുപത്രിക്കകത്ത് അഭയം തേടിയ അഭയാർത്ഥികൾക്ക് നേരെ ഇന്ന് രാവിലെ ഇസ്രഈലി സേന ബോംബിട്ടു, മനുഷ്യത്വത്തിന്റെയും സംരക്ഷണത്തിന്റെയും അമ്പലങ്ങളായ ആശുപത്രികളിൽ.

എപ്പോഴാണ് നിങ്ങൾ ഇത് അവസാനിപ്പിക്കാൻ പോകുന്നത്? നിങ്ങൾക്കെല്ലാവർക്കും ഈ കുറ്റകൃത്യത്തിൽ പങ്കുണ്ട്,’ ഗിൽബെർട്ട് വീഡിയോയിൽ പറയുന്നു.

45 കുഞ്ഞുങ്ങൾ ഇൻക്യുബേറ്ററിൽ കഴിയുന്ന അൽ ശിഫ ആശുപത്രിയിൽ ഒരു കുഞ്ഞ് ഇന്ധനം നിലച്ചതോടെ മരണപ്പെട്ടിരുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. 39 കുഞ്ഞുങ്ങൾ അപകട നിലയിലാണെന്നും ഫലസ്തീൻ ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

Content Highlight: Norwegian doctor slams world leaders, says ‘when are you going to stop this?’ after Shifa hospital bombings