| Wednesday, 22nd May 2024, 7:52 am

ഐ.സി.സിയുടെ വാറന്റ് ലഭിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും; മുന്നറിയിപ്പുമായി നോർവെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്ലോ: അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചാല്‍ ഇസ്രഈല്‍ പധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് നോര്‍വേ വിദേശകാര്യ മന്ത്രി എസ്‌പെന്‍ ബാര്‍ട്ട് ഈഡ് പറഞ്ഞു.

അന്താരാഷ്ട്ര നിയമപ്രകാരം തുര്‍ക്കി ഒഴികെ യൂറോപ്പിലെ ഏത് രാജ്യവും അവരെ അറസ്റ്റ് ചെയ്യാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം വ്യക്തമാക്കി.

44 യൂറോപ്യന്‍ രാജ്യങ്ങള്‍ ഐ.സി.സിയില്‍ അംഗങ്ങളാണ്. എന്നാൽ തുര്‍ക്കി ഇതില്‍ അംഗമല്ല. ദക്ഷിണാഫ്രിക്കയും ബെല്‍ജിയവും ഐ.സി.സിയുടെ അറസ്റ്റ് വാറന്റിനെ പിന്തുണച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് ബെഞ്ചമിൻ നെതന്യാഹുവിനും ഇസ്രഈൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഐ.സി.സി പ്രോസിക്യൂട്ടർ കരീം ഖാനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

യഹ്‌യ സിൻവാർ അടക്കമുള്ള മൂന്ന് ഹമാസ് നേതാക്കൾക്കാണ് അറസ്റ്റ് വാറന്റ് ലഭിച്ചത്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രഈലിൽ ആക്രമണം നടത്തിയതിനും തുടർന്ന് ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിലുമാണ് നടപടി.അൽഖസ്സാം ബ്രിഗേഡ് തലവൻ മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽമസ്രി, ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യ എന്നിവരാണ് അറസ്റ്റ് വാറന്റ് നേരിടുന്ന മറ്റ് ഹമാസ് നേതാക്കൾ.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തിൽ ഗുരുതരമായി പരിക്കേൽപ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂർവമായ കൊലപാതകം, സിവിലിയൻ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രഈലിനെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം കൊലപാതകം, തടവിലാക്കൽ, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതിനിടെ, ഗസയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രഈലിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ കേസിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം തുടരുകയാണ്.

Content Highlight: Norway would arrest Netanyahu if ICC issues warrant

We use cookies to give you the best possible experience. Learn more