കോപ്പന്‍ഹേഗന്‍: നോര്‍വേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്വന്തമാക്കി ലേബര്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം. ഇതോടെ ഇടതുപക്ഷ സര്‍ക്കാര്‍ നോര്‍വേയില്‍ അധികാരത്തിലെത്തുമെന്ന് ഉറപ്പായി.
അറുപത്തൊന്നുകാരനായ ലേബര്‍ പാര്‍ടി നേതാവ് ജോനാസ് ഗാര്‍ സ്റ്റോര്‍ പുതിയ പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 169 അംഗ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ 84 സീറ്റ് ആണ് ആവശ്യം.
97.5% വോട്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ ലേബര്‍ പാര്‍ടിക്ക് 48ഉം സഖ്യകക്ഷികളായ സെന്റര്‍ പാടിക്ക് 28ഉം സോഷ്യലിസ്റ്റ് ലെഫ്റ്റിന് 13ഉം സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. ഇതോടെ പ്രതിപക്ഷസഖ്യം കേവലഭൂരിപക്ഷം നേടിയിരിക്കുകയാണ്.
ഇതോടെ 2013 മുതല്‍ അധികാരത്തില്‍ തുടരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രധാനമന്ത്രി ഏര്‍ണ സോള്‍ബെര്‍ഗും കേവല ഭൂരിപക്ഷം ലഭിക്കാതെ അധികാരത്തില്‍ നിന്നും പുറത്താവും. വിജയത്തിന് പിന്നാലെ മറ്റ് ഇടത് പ്രതിപക്ഷപാര്‍ട്ടികളുമായും സഖ്യത്തിലേര്‍പ്പെടുമെന്ന സൂചനകളും ലേബര്‍ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്നുണ്ട്.
”ഏറ്റവും വലിയ പാര്‍ട്ടി എന്ന നിലയില്‍ ഞങ്ങള്‍, ലേബര്‍ പാര്‍ട്ടി രാജ്യത്ത് പുതിയൊരു സര്‍ക്കാര്‍ ഉണ്ടാക്കുമെന്ന് ഉറപ്പ് തരുന്നു. അടുത്ത ദിവസങ്ങളിലായി മാറ്റം ആഗ്രഹിക്കുന്ന എല്ലാ പാര്‍ട്ടി നേതാക്കളേയും ഞങ്ങള്‍ സ്വാഗതം ചെയ്യും,” ജോനാസ് ഗാര്‍ സ്റ്റോര്‍ പറഞ്ഞു.
അസമത്വത്തെ നേരിടുമെന്നും താഴേക്കിടയിലുള്ളതും മധ്യവര്‍ഗവുമായ കുടുംബങ്ങളുടെ നികുതികള്‍ വെട്ടിക്കുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പടിഞ്ഞാറന്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് നോര്‍വേ. രാജ്യത്തെ ജി.ഡി.പിയുടെ 14 ശതമാനവും എണ്ണ മേഖലയില്‍ നിന്നാണ്. അതുകൊണ്ടുതന്നെ ഭരണമാറ്റം സാമ്പത്തികപരമായും നോര്‍വേയില്‍ മാറ്റങ്ങള്‍ വരുത്തും.
നോര്‍വേയിലെ ഇടത് വിജയത്തോടുകൂടി അഞ്ച് സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളും ഇടത് പാര്‍ട്ടികളുടെ ഭരണത്തിന് കീഴിലായി എന്ന പ്രത്യേകതയുമുണ്ട്. 1959ന് ശേഷം ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. നോര്‍വേക്ക് പുറമെ ഡെന്മാര്‍ക്ക്, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ഐസ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലും നിലവില്‍ ഇടത് ഭരണമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Norway to have a new left government