World News
ഉക്രൈനില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി നോര്‍വെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 28, 05:45 pm
Saturday, 28th September 2024, 11:15 pm

ഓസ്ലോ: റഷ്യ-ഉക്രൈന്‍ യുദ്ധം രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ഉക്രൈനില്‍ നിന്നുള്ള കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യമായ നോര്‍വെ. ഇതിന്റെ ആദ്യ പടിയായി ഉക്രൈനിലെ സുരക്ഷിത മേഖലായായി കണക്കാക്കപ്പെടുന്ന ആറ് പ്രദേശങ്ങളില്‍ നിന്ന് വരുന്ന പൗരന്മാര്‍ക്ക് ഇനി ഓട്ടോമാറ്റിക് അഭയം നല്‍കില്ലെന്ന് നോര്‍വെ അറിയിച്ചിട്ടുണ്ട്.

ഓസ്ലോയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 85,000 ഉക്രൈന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് അഭയം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

എല്‍വിവ്, വോള്‍ഹിനിയ, ട്രാന്‍സ്‌കാര്‍പാത്തിയ, ഇവാനോ-ഫ്രാങ്കിവ്‌സ്‌ക്, ടെര്‍നോപില്‍, റിവ്‌നെ എന്നിവയാണ് ആ ആറ് പ്രദേശങ്ങള്‍.

‘2022 ഫെബ്രുവരിയില്‍ റഷ്യ-ഉക്രൈന്‍ ആരംഭിച്ചത് മുതല്‍ ഉക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്ക് സംരക്ഷണം നല്‍കാന്‍ നോര്‍വീജിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍ മറ്റ് നോര്‍ഡിക് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,’നോര്‍വീജിയന്‍ നീതിന്യായ മന്ത്രി എമിലി എന്‍ഗര്‍ മെഹല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

5.6 ദശലക്ഷം ജനസംഖ്യയുള്ള നോര്‍വെ കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ 85,000 ഉക്രൈന്‍ പൗരന്‍മാര്‍ക്കാണ് അഭയം നല്‍കിയത്. ഇത് മറ്റ് നോര്‍ഡിക് രാജ്യങ്ങളെക്കാള്‍ കൂടുതലാണെന്നാണ് നോര്‍വെ സര്‍ക്കാര്‍ അവകാശപ്പെടുന്നത്.

എന്നാല്‍ ഇനിയങ്ങോട്ട് നോര്‍വീജിയന്‍ എമിഗ്രേഷന്‍ അധികാരികള്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ ആറ് പ്രസ്തുത ആറ് പ്രദേശങ്ങളിലെ താമസക്കാരുടെ അപേക്ഷകള്‍ സൂക്ഷ്മമായി വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഉക്രൈന്‍ അഭയാര്‍തഥികളുടെ എണ്ണം കൂടുന്നത് ചില സിറ്റികളില്‍ വീടുകള്‍ കിട്ടാനും സ്‌കൂളുകളുടെ പ്രവര്‍ത്തനം എന്നിവയെ ദോഷകരമായി ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത്.

കൂടാതെ റഷ്യന്‍ ആക്രമണത്തെ നേരിടാന്‍ സൈനികരെ റിക്രൂട്ട് ചെയ്യാന്‍ ഉക്രൈന്‍ ബുദ്ധിമുട്ടുന്നതായും അതും ഇത്തരം ഒരു തീരുമാനം എടുത്തതിന് പിന്നിലുണ്ടെന്നും നോര്‍വെ അറിയിച്ചിട്ടുണ്ട്.

Content Highlight: Norway is restricting migrants from Ukraine