| Monday, 29th January 2024, 6:16 pm

യു.എൻ ഏജൻസിക്ക് പിന്തുണ; ഫലസ്തീനിലേക്കുള്ള സഹായം തുടരുമെന്ന് നോർവേയും അയർലാൻഡും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓസ്‌ലോ: ഒക്ടോബർ ഏഴിന് ഇസ്രഈലിലെ ആക്രമണങ്ങളിൽ ചില ജീവനക്കാർക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ യു.എൻ റിലീഫ് ആൻഡ് വർക്ക് ഏജൻസി (യു.എൻ.ആർ.ഡബ്ല്യു.എ) നടത്തുന്ന അന്വേഷണത്തിൽ പിന്തുണ അറിയിച്ച് നോർവേയും അയർലാൻഡും.

യു.എൻ.ആർ.ഡബ്ല്യു.എ വഴി ഫലസ്തീനെ പിന്തുണക്കുന്നത് തുടരുമെന്നും നോർവേ അറിയിച്ചു. എന്നത്തേക്കാളും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഫലസ്തീന് ആവശ്യമുള്ള സമയമാണ് ഇതെന്നും നോർവേയുടെ ഫലസ്തീൻ പ്രതിനിധി എക്‌സിൽ കുറിച്ചു.

ഗസയിലെ സാഹചര്യം ദുരിത പൂർണമാണെന്നും അവിടെ വളരെ പ്രധാനപ്പെട്ട സംഘടനയാണ് യു.എൻ ഏജൻസി എന്നും നോർവേ പറഞ്ഞു.

ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ യു.എൻ ഏജൻസിയുടെ ചില ജീവനക്കാരും പങ്കെടുത്തിരുന്നുവെന്ന് ഇസ്രഈൽ ആരോപിച്ചതിന് പിന്നാലെ യു.കെ, യു.എസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം താത്കാലികമായി നിർത്തിവെച്ചിരുന്നു.

എന്നാൽ ചില വ്യക്തികൾ ചെയ്തതും യു.എൻ.ആർ.ഡബ്ല്യു.എ നിലകൊള്ളുന്നത് എന്തിന് വേണ്ടിയാണെന്നതും തമ്മിൽ വ്യത്യാസം തിരിച്ചറിയണമെന്ന് നോർവേ അറിയിച്ചു.

ആക്രമണത്തിൽ പങ്കെടുത്തു എന്ന് സംശയിക്കുന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്ത യു.എൻ ഏജൻസി തലവൻ ഫിലിപ്പ് ലസാരിനിയുടെ സംഘടനയെ പിന്തുണയ്ക്കുന്നുവെന്നും ഐറിഷ് വിദേശകാര്യ മന്ത്രി മൈക്കൽ മാർട്ടിൻ എക്സിൽ കുറിച്ചു.

അതേസമയം സംഘടനക്കുള്ള ഫണ്ടിങ് നിർത്തലാക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

അയർലാൻഡ് 2023ൽ 19.5 മില്യൺ ഡോളർ യു.എൻ.ആർ.ഡബ്ല്യു.എക്ക് കൈമാറിയെന്നും 2024ലും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

യു.എൻ.ആർ.ഡബ്ല്യുക്കുള്ള പിന്തുണ താത്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ച രാജ്യങ്ങളോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറൽ ഹുസൈൻ അൽ-ഷൈഖ് അഭ്യർത്ഥിച്ചു.

1949 ൽ യു.എൻ ജനറൽ അസംബ്ലിയുടെ അനുബന്ധ സംഘടന എന്ന നിലയിലാണ് യു.എൻ.ആർ.ഡബ്ല്യു.എ ഫോർ ഫലസ്തീൻ സ്ഥാപിതമാകുന്നത്. അഭയാർത്ഥികളുടെ ദുരിതാശ്വാസത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിച്ചുവരുന്ന ഏജൻസി, പ്രവർത്തന മേഖലകളിൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്ക് മാനുഷിക സഹായവും സംരക്ഷണവും നൽകിവരുന്നു.

CONTENT HIGHLIGHT: Norway, Ireland support UNRWA in defiance of other western donors

We use cookies to give you the best possible experience. Learn more