| Thursday, 24th June 2021, 7:54 am

മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധം; അദാനി ഗ്രൂപ്പിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി, പ്രതികരിക്കാതെ അദാനി പോര്‍ട്ട്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മ്യാന്‍മറിലെ പട്ടാള ഭരണകൂടവുമായി ബന്ധമുണ്ടെന്നാരോപിച്ച് അദാനി പോര്‍ട്ട്‌സിലെ നിക്ഷേപം പിന്‍വലിച്ച് നോര്‍വീജിയന്‍ കമ്പനി. നോര്‍വീജിയന്‍ പെന്‍ഷന്‍ ഫണ്ട് കെ.എല്‍.പിയാണ് നിക്ഷേപം പിന്‍വലിച്ചത്.

മ്യാന്‍മറിലെ യാങ്കോണില്‍ അദാനി ഗ്രൂപ്പ് പുതുതായി നിര്‍മ്മിക്കുന്ന തുറമുഖത്തിനെതിരെയാണ് കെ.എല്‍.പി. രംഗത്തെത്തിയത്. മ്യാന്‍മര്‍ പട്ടാളത്തിന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്താണ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്.

ഭാവിയില്‍ ഇത് മ്യാന്‍മര്‍ പട്ടാളത്തിന്റെ നാവിക താവളമായി മാറാമെന്ന് നോര്‍വീജിയന്‍ കമ്പനി ആരോപിച്ചു. അദാനി പോര്‍ട്ട്‌സിന്റെ ആകെ നിക്ഷേപത്തിന്റെ 1.3 ശതമാനമാണ് മ്യാന്‍മറിലുള്ളത്.

അതേസമയം കെ.എല്‍.പിയുടെ നടപടി അവരുടെ ആഭ്യന്തരകാര്യമാണെന്നാണ് അദാനി പോര്‍ട്ട്‌സിന്റെ പ്രതികരണം.

കമ്പനി നിക്ഷേപം പിന്‍വലിച്ച സാഹചര്യത്തില്‍ മ്യാന്‍മറിന് മേലുള്ള അമേരിക്കയുടെ ഉപരോധ നടപടികള്‍ക്ക് അനുസരിച്ചാണോ നോര്‍വീജിയന്‍ കമ്പനി പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. നടപടികളുടെ ലംഘനം കണ്ടെത്തിയാല്‍ മ്യാന്‍മറിലെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്.

2021 മാര്‍ച്ചിലെ കണക്ക് അനുസരിച്ച് 1.05 ലക്ഷം ഓഹരി ഷെയറുകളാണ് കെ.എല്‍.പിയ്ക്കുണ്ടായിരുന്നത്. കെ.എല്‍.പി. നിക്ഷേപം പിന്‍വലിച്ചതിനെ തുടര്‍ന്ന് 3.26 ശതമാനം ഇടിവാണ് അദാനി പോര്‍ട്ട്‌സിന് ഓഹരി വിപണിയില്‍ ബുധനാഴ്ച നേരിട്ടത്.

നേരത്തെ അദാനി ഗ്രൂപ്പിലെ മൂന്ന് വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ അക്കൗണ്ട് ഇന്ത്യന്‍ ഓഹരി വിപണി നിയന്ത്രണ അധികൃതര്‍ മരവിപ്പിച്ചെന്ന വാര്‍ത്തയും തുടര്‍ന്നുണ്ടായ ഓഹരി വീഴ്ചയും ഏറെ ചര്‍ച്ചയായിരുന്നു.

ഇക്കണോമിക് ടൈംസാണ് മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 3 വിദേശ പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനികളുടെ അക്കൗണ്ടുകള്‍ നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് (NSDL) മരവിപ്പിച്ചുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നാല് അദാനി ഗ്രൂപ്പ് കമ്പനികളിലായി 45,000 കോടി രൂപയുടെ ഓഹരി നിക്ഷേപമുള്ള ഈ കമ്പനികളുടെ അക്കൗണ്ട് മരവിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയില്‍ വലിയ നഷ്ടമുണ്ടാകാന്‍ തുടങ്ങി.

ജൂണ്‍ 14ന് ഓഹരി വ്യാപാരം തുടങ്ങിയപ്പോള്‍ അദാനി ഗ്രൂപ്പിന്റെ ഓഹരിവില 25 ശതമാനമായി താഴ്ന്നിരുന്നു. പിന്നീട് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന വിശദീകരണവുമായി കമ്പനിയെത്തിയെങ്കിലും ഓഹരി വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കാനായില്ല.

അദാനി ഗ്രൂപ്പിന്റെ വിശദീകരണം വന്നെങ്കിലും എന്‍.എസ്.ഡി.എല്ലിന്റെ ഡാറ്റയില്‍ മൂന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നു എന്നുതന്നെയാണ് കാണിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Norvegian Company Diverts Investments From Adani Ports  In Myanmar

We use cookies to give you the best possible experience. Learn more