വടക്കൻ സൈപ്രസിൽ ആയിരക്കണക്കിന് ഇസ്രഈലികൾ ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്; നിഷേധിച്ച് തുർക്കി
World News
വടക്കൻ സൈപ്രസിൽ ആയിരക്കണക്കിന് ഇസ്രഈലികൾ ഭൂമി വാങ്ങിക്കൂട്ടുന്നതായി റിപ്പോർട്ട്; നിഷേധിച്ച് തുർക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th December 2023, 12:56 pm

നിക്കോസ്യ: വടക്കൻ സൈപ്രസിൽ ആയിരക്കണക്കിന് ഇസ്രഈലികളും ജൂതരും ഭൂമി വാങ്ങുന്നുവെന്ന തുർക്കി മാധ്യമങ്ങളുടെ റിപ്പോർട്ടിനെ തുടർന്ന് വിദേശികളുമായുള്ള ഭൂമിയിടപാടിൽ നിയന്ത്രണം.

ഈജിപ്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന രാജ്യമാണ് സൈപ്രസ്.

തുർക്കി മാധ്യമപ്രവർത്തകൻ സബഹട്ടിൻ ഇസ്മായിലിന്റെ തുടർച്ചയായ സമൂഹ മാധ്യമ പോസ്റ്റുകൾക്ക് പിന്നാലെയാണ് സൈപ്രസ് അധികൃതരുടെ പുതിയ നീക്കം.

തുർകിഷ് റിപബ്ലിക് ഓഫ് നോർത്തേൻ സൈപ്രസ് മുൻ പ്രസിഡന്റ് റഊഫ് ഡെങ്ക്ടാസിന്റെ ഉപദേശകനായിരുന്നു ഇസ്മായിൽ.

ഇസ്രഈലിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും ജൂതർ വീടുകളും ഭൂമികളും വാങ്ങുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വില്പന റെക്കോഡുകളും രജിസ്റ്ററികളും ഗസയിലെ ഇസ്രഈൽ ആക്രമണം ആരംഭിച്ച ഒക്ടോബർ മുതൽ ഇസ്മായിൽ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്.

35,000 ജൂതർ വടക്കൻ സൈപ്രസിലെ 2,500 ഹെക്ടർ ഭൂമി വാങ്ങിയെന്ന് ചില തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കൻ സൈപ്രസിലെ ജനസംഖ്യ 3,80,000 മാത്രമാണ്.

എന്നാൽ ഈ കണക്കുകൾ പെരുപ്പിച്ചുപറയുന്നതാണെന്ന് തുർക്കി അധികൃതർ പറയുന്നു.
2000ത്തിന് ശേഷം 200 ഇസ്രഈലികൾ മാത്രമാണ് വടക്കൻ സൈപ്രസിൽ ഭൂമിയിടപാടിനായി രജിസ്റ്റർ ചെയ്തതെന്ന് തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദൻ പറഞ്ഞു.

നിലവിൽ വടക്കൻ സൈപ്രസിൽ വിദേശികൾക്ക് പുരയിടമില്ലാതെ 5000 ചതുരശ്ര മീ. ഭൂമി വരെ വാങ്ങാൻ സാധിക്കും.
എന്നാൽ ഈ പരിധിയിൽ മാറ്റം വരുമെന്ന് തുർകിഷ് റിപബ്ലിക് ഓഫ് നോർത്തേൻ സൈപ്രസ് (ടി.ആർ.എൻ.സി) മേധാവി എർസിൻ താതർ പറഞ്ഞു.

ഗ്രീസുമായി സൈപ്രസിനെ ഒന്നിപ്പിക്കാനുള്ള സൈനിക അട്ടിമറി നീക്കം പരാജയപ്പെട്ടതിന് പിന്നാലെ 1974ൽ തുർക്കി സൈപ്രസിനെ പിടിച്ചടക്കിയിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട റിപബ്ലിക് ഓഫ് സൗത്ത്, അങ്കാര മാത്രം അംഗീകരിച്ച ടർക്കിഷ് റിപബ്ലിക് എന്നിങ്ങനെ രാജ്യം രണ്ടായി മാറി.

റിപബ്ലിക് ഓഫ് സൈപ്രസുമായി അടുത്ത ബന്ധമാണ് ഇസ്രഈൽ പുലർത്തുന്നത്. എന്നാൽ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ വടക്കൻ സൈപ്രസിൽ ബന്ധം സങ്കീർണമാണ്.

Content Highlight: Northern Cyprus to restrict property sales after rumours of mass Jewish purchases