ഞങ്ങളും ഇന്ത്യയിലുള്ളവരാണ്
India
ഞങ്ങളും ഇന്ത്യയിലുള്ളവരാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd February 2014, 10:59 am

[]ന്യൂദല്‍ഹി: “ഞങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ തന്നെയാണ്. പിന്നെന്തിനാണ് ഞങ്ങളെ നിങ്ങള്‍ ഉപദ്രവിക്കുന്നത്”. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെതാണ് ഈ ചോദ്യം.

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യ പദ്ധതിയിലുള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഈ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്‌കാരവും ജീവിത രീതികളും ഇന്ത്യയിലെ തന്നെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ക്ക് പരിചിതമല്ലാത്തതിനാല്‍ തങ്ങള്‍ വിവേചനത്തിനിരയാകുന്നുവെന്നാണ് ഇവരുടെ പരാതി. ഇവര്‍ക്കെതിരെ അതിക്രമങ്ങളും വര്‍ദ്ധിച്ചിട്ടുണ്ട്.

അരുണാചല്‍പ്രദേശില്‍ നിന്നുള്ള നിദോതാനിയ എന്ന പത്തൊമ്പതുകാരന്‍ ലജ്പത് നഗറില്‍ കടയുടമയുടെ ആക്രമണത്തിനിടെ കഴിഞ്ഞ വ്യാഴാഴ്ച മരണപ്പെട്ടിരിന്നു. നിദോതാനിയക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നിരവധി വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ തങ്ങള്‍ക്കെതിരെ അതിക്രമങ്ങള്‍ക്ക് ഇടയാക്കുന്നുവെന്നും തങ്ങളെ ആരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും അരുണാചല്‍ സ്റ്റുഡന്റ്‌സ് അസ്സോസിയേഷന്‍ വൈസ് പ്രസിഡന്റ് യഷി പറയുന്നു.