ന്യൂദല്‍ഹി: 2020ലെ ദല്‍ഹി വംശഹത്യാ കേസില്‍ കോണ്‍ഗ്രസ് മുന്‍ കൗണ്‍സിലര്‍ ഇസ്രത്ത് ജഹാന് ജാമ്യം ലഭിച്ചത് രണ്ട് വര്‍ഷത്തെ വിചാരണ കസ്റ്റഡിക്ക് ശേഷം. വംശഹത്യയുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലാണ് ദല്‍ഹി അഡീഷനല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്.
നേരത്തെ വിവാഹിതയാകാന്‍ ജഹാന് 10 ദിവസത്തെ ഇടക്കാല ജാമ്യം ദല്‍ഹി കോടതി അനുവദിച്ചിരുന്നു.
2020 ജൂണ്‍ 10 മുതല്‍ 19 വരെയാണ് അന്ന് ജാമ്യം ലഭിച്ചിരുന്നത്.
2020ല്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇസ്രത്തിനെതിരെ യു.എ.പി.എ ചുമത്തിയത്. 2012 മുതല്‍ 2017 വരെ ദല്‍ഹിയിലെ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന ഇസ്രത് എ.ഐ.സി.സി അംഗവുമായിരുന്നു.
കേസില്‍ ഇസ്രത് ജഹാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന തെളിവുകളൊന്നുമില്ലെന്നും അവരെ തെറ്റായി കുടുക്കിയിരിക്കുകയാണെന്നും അവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രദീപ് കോടതിയില്‍ വാദിച്ചു.
ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്താനാണ് അവരുടെ ശ്രമം. അവര്‍ ഒരു അഭിഭാഷകയും യുവരാഷ്ടീയക്കാരിയുമാണ്. മുസ്‌ലിംകള്‍ കുറവുള്ള വാര്‍ഡില്‍ നിന്നാണ് അവര്‍ വിജയിച്ചത്. എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ആര്‍ജിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നുവെന്നും ഇസ്രത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.