|

സോറി ഗയ്‌സ് ഗ്രാഫിക് ഡിസൈനര്‍ ലീവാണ്! ഡബിളിന് ശേഷം വൈറലായി പൃഥ്വി ഷായുടെ പോസ്റ്റര്‍

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ലണ്ടന്‍ കപ്പില്‍ ഇന്ത്യന്‍ യുവ സൂപ്പര്‍ താരം പൃഥ്വി ഷാ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നോര്‍താംപ്ടണ്‍ഷെയര്‍ – സോമര്‍സെറ്റ് മത്സരത്തിലാണ് നോര്‍താംപ്ടണ്‍ഷെയറിനായി ഷാ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത്.

ദി കൗണ്ടി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നോര്‍താംപ്ടണ്‍ഷെയര്‍ ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു. ഓപ്പണറായി കളത്തിലറങ്ങിയ ഷാ തുടക്കത്തിലേ അറ്റാക്കിങ് മോഡിലായിരുന്നു. എമിലിയോ ഗേക്കൊപ്പം ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഷാ പിന്നാലെയെത്തിയവര്‍ക്കൊപ്പവും മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി.

ഓപ്പണറായി ക്രീസിലെത്തിയ ഷാ അമ്പതാം ഓവറില്‍ എട്ടാമനായാണ് തിരികെ പവലിയനിലേക്ക് മടങ്ങിയത്. ഇതിനിടെ വിവിധ താരങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ആകെ 411 റണ്‍സാണ് ഷാ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്.

153 പന്ത് നേരിട്ട് 28 ബൗണ്ടറിയും 11 സിക്സറും സഹിതം 244 റണ്‍സാണ് പൃഥ്വി ഷാ അടിച്ചെടുത്തത്. 159.48 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു ഷായുടെ വെടിക്കെട്ട്. ഷായുടെ ഈ വെടിക്കെട്ടിന് ശേഷം നോര്‍താംപ്ടണ്‍ഷെയര്‍ അവരുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ അദ്ദേഹത്തിനായി ഇട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

അടിസ്ഥാനമായി നല്ല ഫോട്ടോ പോലുമില്ലാതെയാണ് ആ പോസ്റ്റ് ഷെയര്‍ ചെയ്തത്. ചെറിയ കുട്ടികള്‍ മൊബൈലില്‍ ഇതിലും വൃത്തിക്ക് ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്.

പണി പാളിയെന്ന മനസിലായ നോര്‍താംപ്ടണ്‍ഷെയര്‍ ട്വിറ്റര്‍ ഹാന്‍ഡ്‌ലര്‍ ഗ്രാഫിക് ഡിസൈനര്‍ ഓഫിസില്‍ ഇല്ലായെന്നായിരുന്നു പറഞ്ഞത്. പോസ്റ്ററും കമന്റും കാണാം.

129 പന്തിലാണ് ഷാ 200 റണ്‍സ് പിന്നിട്ടത്. ആദ്യ നൂറ് റണ്‍സ് തികയ്ക്കാന്‍ ഷാ നേരിട്ടത് 81 പന്തായിരുന്നുവെങ്കില്‍ അടുത്ത നൂറ് റണ്‍സ് തന്റെ പേരില്‍ കുറിക്കാന്‍ വെറും 48 പന്തുകള്‍ മാത്രമാണ് താരം നേരിട്ടത്.

ഇത് രണ്ടാം തവണയാണ് താരം ലിസ്റ്റ് എ ക്രിക്കറ്റില്‍ 200 റണ്‍സ് തികക്കുന്നത്. 2020-21 വിജയ് ഹസാരെ ട്രോഫിയിലും അദ്ദേഹം 200 റണ്‍സ് പിന്നിട്ടിരുന്നു. അതേസമയം 416 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ സോമര്‍സെറ്റ് 328 റണ്‍സില്‍ എല്ലാവരും പുറത്തായി. 77 റണ്‍സെടുത്ത ആന്‍ഡ്ര്യു ഉമീദാണ് ടോപ് സ്‌കോറര്‍.

Content Highlight: Northamptonshire shares a funny poster after Prithvi Shaw Scored a double hundred