|

511 റണ്‍സിന്റെ പടുകൂറ്റന്‍ വിജയം 😱 🤯, നിങ്ങള്‍ ഇത് വല്ലതും അറിഞ്ഞോ? ഇന്ത്യയുടെ ഭാവി ഇവരില്‍ ഭദ്രം

സ്പോര്‍ട്സ് ഡെസ്‌ക്

ദുലീപ് ട്രോഫിയില്‍ പടുകൂറ്റന്‍ വിജയവുമായി നോര്‍ത്ത് സോണ്‍. നോര്‍ത്ത് ഈസ്റ്റ് സോണിനെ 511 റണ്‍സിന് തകര്‍ത്തെറിഞ്ഞാണ് ജയന്ത് യാദവിന്റെ നോര്‍ത്ത് സോണ്‍ കരുത്ത് കാട്ടിയത്. ഈ വിജയത്തിന് പിന്നാലെ ദുലീപ് ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിക്കാനും നോര്‍ത്ത് സോണിനായി.

മത്സരത്തില്‍ ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച നോര്‍ത്ത് ഈസ്റ്റ് ക്യാപ്റ്റന്‍ റോണ്‍സണ്‍ ജോനാഥന്‍ നോര്‍ത്ത് സോണിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു ഡോമിനന്‍സ് സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ നോര്‍ത്ത് സോണ്‍ ധ്രുവ് ഷോരെയ്, നിഷാന്ത് സിന്ധു, ഹര്‍ഷിത് റാണ എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. ഷോരെയ് 211 പന്തില്‍ നിന്നും 22 ബൗണ്ടറിയുടെ അകമ്പടിയോടെ 135 റണ്‍സടിച്ചപ്പോള്‍ 18 ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 245 പന്തില്‍ നിന്നും 150 റണ്‍സായിരുന്നു സിന്ധുവിന്റെ സമ്പാദ്യം.

12 ബൗണ്ടറിയും ഒമ്പത് സിക്‌സറുമായാണ് ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഹര്‍ഷിത് റാണ തരംഗമായത്. വെറും 86 പന്തില്‍ നിന്നും പുറത്താകാതെ 122 റണ്‍സാണ് താരം നേടിയത്. ഇവര്‍ക്ക് പുറമെ പുല്‍കിത് നാരംഗ് (46), പ്രശാന്ത് ചോപ്ര (32) പ്രഭ്‌സിമ്രാന്‍ സിങ് (31) എന്നിവരും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയപ്പോള്‍ സ്‌കോര്‍ ഉയര്‍ന്നു.

ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 540 റണ്‍സിന് നോര്‍ത്ത് സോണ്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ നോര്‍ത്ത് ഈസ്‌റ്റേണ്‍ സോണിന് കാര്യമായി ഒരു പ്രതിരോധവും തീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. 40 ഓവറിനുള്ളില്‍ 134 റണ്‍സിന് അവര്‍ ഓള്‍ ഔട്ടായിരുന്നു. 44 റണ്‍സ് നേടിയ നീലേഷ് ലാമിഷാനേയാണ് ആദ്യ ഇന്നിങ്‌സില്‍ നോര്‍ത്ത് ഈസ്‌റ്റേണിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ നോര്‍ത്ത് സോണിനായി പുല്‍കിത് നാരംഗും സിദ്ധാര്‍ത്ഥ് കൗളും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബല്‍തേജ് സിങ്, ഹര്‍ഷിത് റാണ, ക്യാപ്റ്റന്‍ ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

406 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച നോര്‍ത്ത് സോണ്‍ രണ്ടാം ഇന്നിങ്‌സിലും തകര്‍ത്തടിച്ചു. അങ്കിത് കുമാറിന്റെയും പ്രഭ്‌സിമ്രാന്‍ സിങ്ങിന്റെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ ടീം സ്‌കോര്‍ ഉയര്‍ത്തി. ഒടുവില്‍ 259ന് ആറ് എന്ന നിലയില്‍ നില്‍ക്കവെ നോര്‍ത്ത് സോണ്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

666 റണ്‍സ് ലക്ഷ്യവുമായി കളത്തിലിറങ്ങിയ നോര്‍ത്ത് ഈസ്‌റ്റേണ്‍ സോണിന് ഇത്തവണ 157 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 40 റണ്‍സ് നേടിയ പാല്‍സോര്‍ തമാങ്ങാണ് രണ്ടാം ഇന്നിങ്‌സില്‍ നോര്‍ത്ത് ഈസ്‌റ്റേണിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ തകര്‍ത്തെറിഞ്ഞ പുല്‍കിത് നാരംഗ് രണ്ടാം ഇന്നിങ്‌സിലും അതാവര്‍ത്തിച്ചു. 13.5 ഓവറില്‍ 43 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. നാരംഗിന് പുറമെ നിഷാന്ത് സിന്ധു രണ്ട് വിക്കറ്റും ബല്‍തേജ് സിങ്, ഹര്‍ഷിത് റാണ, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

ജൂലൈ അഞ്ചിനാണ് ദുലീപ് ട്രോഫിയുടെ സെമി ഫൈനല്‍ പോരാട്ടം. സെമിയില്‍ സൗത്ത് സോണിനെയാണ് നോര്‍ത്ത് സോണിന് നേരിടാനുള്ളത്.

Content highlight: North Zone defeated North East Zone in Duleep trophy

Video Stories