| Monday, 20th September 2021, 6:33 pm

ഇനി നടക്കുക ആണവായുധ മത്സരം; അമേരിക്ക-ഓസ്ട്രേലിയ കരാറില്‍ മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന എ.യു.കെ.യു.എസ് പ്രതിരോധകരാറില്‍ പ്രതികരണവുമായി ഉത്തര കൊറിയ. ഓസ്‌ട്രേലിയ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ ആരംഭിച്ച എ.യു.കെ.യു.എസ് പ്രതിരോധകരാറിന്മേലാണ് കൊറിയ പ്രതികരണവുമായി രംഗത്തെത്തിയത്.

ആണവശേഷിയുള്ള അന്തര്‍വാഹിനികളുടെ കൈമാറ്റത്തിന്മേലാണ് രാജ്യങ്ങള്‍ കരാറിലേര്‍പ്പെട്ടിരിക്കുന്നത്. അമേരിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള കരാര്‍ ആണവായുധങ്ങളുടെ പേരില്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരിക്കുന്നതിന് കാരണമാകുമെന്നാണ്  ഉത്തരകൊറിയ പ്രതികരിച്ചത്.

”ഇത് തികച്ചും അപകടകരമായ ഒരു അനാവശ്യ പ്രവര്‍ത്തിയാണ്. ഏഷ്യ-പസഫിക് പ്രദേശത്തെ സ്ട്രാറ്റജിക് ബാലന്‍സിനെ ഇത് ബാധിക്കുകയും ആണവായുധങ്ങളുടെ  മത്സരത്തിന് വഴിവെക്കുകയും ചെയ്യും,” കൊറിയന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

2021 സെപ്റ്റംബര്‍ 15നായിരുന്നു ഓസ്ട്രേലിയ, ബ്രിട്ടണ്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ക്കിടയില്‍ പ്രതിരോധകരാര്‍ നിലവില്‍ വന്നത്. പ്രസ്തുത കരാറില്‍ ഏര്‍പ്പെടുന്നതിനായി തങ്ങളുമായുണ്ടായിരുന്ന കരാര്‍ ഓസ്ട്രേലിയ അവസാനിപ്പിച്ചതില്‍ ഫ്രാന്‍സ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇത് ചര്‍ച്ചയാകുന്നതിനിടെയാണ് ഇപ്പോള്‍ ഉത്തരകൊറിയയും കരാറിനെതിരെ പ്രതികരിച്ചിരിക്കുന്നത്.

സാധാരണ അന്തര്‍വാഹിനികള്‍ വാങ്ങുന്നതിനായി ഓസ്ട്രേലിയ 2016ല്‍ ഫ്രാന്‍സുമായി ഒരു കരാര്‍ ഒപ്പ് വെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ചൈനയുടെ ഭാഗത്ത് നിന്നും വന്ന ഭീഷണികള്‍ കാരണം പസഫിക് പ്രദേശത്തെ സുരക്ഷാപ്രശ്നങ്ങള്‍ വഷളായതിനെത്തുടര്‍ന്ന്, ചൈനയുടെ നാവിക ശക്തിയെ പ്രതിരോധിക്കാന്‍ കൂടുതല്‍ പ്രാപ്തമെന്ന കണക്കുകൂട്ടലില്‍ ഓസ്ട്രേലിയ അമേരിക്കയുമായും ബ്രിട്ടണുമായും പുതിയ കരാറില്‍ ഏര്‍പ്പെടുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: North Korea warn about a nuclear arm race as a result of AUKUS treaty

We use cookies to give you the best possible experience. Learn more