ഉത്തരകൊറിയ എന്ന രാജ്യത്തെ കുറിച്ച് കേള്‍ക്കുമ്പോള്‍ നമ്മളില്‍ ഭൂരിഭാഗം പേരുടെയും മനസ്സില്‍ ആദ്യമെത്തുക കിം ജോങ് ഉന്നിനെയും സൈനിക പരീക്ഷണങ്ങളെയും കുറിച്ചുള്ള വാര്‍ത്തകളാകും. “ലോകത്ത് യുദ്ധ ഭീതിയുണര്‍ത്തി” നിരന്തരം ആയുധ പരീക്ഷണങ്ങള്‍ നടത്തുന്ന രാജ്യമെന്നാല്ലാതെ ഉത്തരകൊറിയയെക്കുറിച്ച് അത്ര നല്ല വാര്‍ത്തകള്‍ ഒന്നും അധികമാരം കേട്ടിണ്ടാകില്ല.
എന്നാല്‍ ഉത്തരകൊറിയ എന്ന രാജ്യം കേട്ടറിവുകളില്‍ നിന്ന് എത്രയോ വ്യത്യസ്തമാണെന്നു പറയുകയാണ് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്‌കി. പുറത്ത് വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല ബിന്‍സ്‌കി ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്. ഉത്തരകൊറിയയില്‍ പോയി താമസിച്ച് താന്‍ നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ഇദ്ദേഹം വീഡിയോ വഴി ലോകത്തിന് മുന്നില്‍ സമര്‍പ്പിച്ചത്.
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ ബിന്‍സ്‌കി യുട്യൂബിലും ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. ഉത്തരകൊറിയന്‍ അനുഭവത്തിന്റെ ഈ വീഡിയോകള്‍ പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.
Dont miss പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ആസ്സാമില്‍ രണ്ട് മുസ്‌ലിം കുട്ടികളെ അടിച്ചുകൊന്നു
അമേരിക്കയുടെ മുന്നറിയിപ്പുകളിലൂടെയും സൈനിക പരീക്ഷണങ്ങളിലൂടെയും മാത്രം വാര്‍ത്തകളില്‍ നിറയുന്ന രാജ്യത്തിന്റെ മറ്റൊരു മുഖമാണ് ബിന്‍സ്‌കി തന്റെ യാത്രാ വിവരണത്തിലൂടെ പങ്കു വെക്കുന്നത്. അധികാരം നിലനിര്‍ത്തനായ കടും കൈകള്‍ ചെയ്യുന്ന “അസുര രാജാകന്മാരോടല്ല” ബിന്‍സ്‌കി കിം ജോങ് ഉന്നിനെയും അദ്ദേഹത്തിന്റെ രാജ്യത്തെയും വിവരിക്കുന്നതും.
ഉത്തരകൊറിയ സന്ദര്‍ശിച്ച് അവിടെ താമസിച്ച് തദ്ദേശീയരുമായി ഇടപഴകിയതിന്റെ അടിസ്ഥാനത്തിലാണ് ബിന്‍സ്‌കിയുടെ വീഡിയോയും രാജ്യത്തെക്കുറിച്ചുള്ള വിവരണവും. രാജ്യത്തെ കുറിച്ച് കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്നതിനാല്‍ അങ്ങോട്ടേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍ ആശങ്കകള്‍ തനിക്കുണ്ടായിരുന്നെന്ന് ബിന്‍സ്‌കി പറയുന്നു.
ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിര്‍ദ്ദേശപ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയതെന്നും അതുകൊണ്ടുതന്നെ തന്റെ യാത്രയുടെ അനുഭവത്തിന്റെ സത്യസന്ധമായ അവതരണമാണ് നല്‍കുന്നതെന്നും ബിന്‍സ്‌കി പറയുന്നു. എവിടെയൊക്കെ പോകണം, എന്തെല്ലാം കാണണം, എന്തെല്ലാം വിവരങ്ങള്‍ നമുക്ക് ലഭിക്കും തുടങ്ങി കാര്യങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരമാണ് നടന്നത്. എന്നിരുന്നാലും ഇതിനിടയില്‍ പ്രദേശവാസികളുമായി സംസാരിക്കാനും ഇടപഴകാനും സാധിച്ചുവെന്നും ഇവരുടെ പെരുമാറ്റം തികച്ചും സാധാരണമായിരുന്നെന്നും അദ്ദേഹം പറയുന്നു.
യാത്ര തീരുമാനിച്ചത് മുതല്‍ നിരവധി പേരില്‍ നിന്ന് പലതരത്തിലുള്ള ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ലഭിചിരുന്നെന്നും ബിന്‍സ്‌കി പറയുന്നു. അവിടെയെത്തിയാല്‍ സര്‍ക്കാരിന് അനുകൂലമായി സംസാരിക്കേണ്ടിവരും അത് ചെയ്യേണ്ടിവരും ഇത് ചെയ്യേണ്ടിവരും തുടങ്ങിയ പല ഉപദേശങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ഇതൊക്കെ വെറുതെയാണെന്ന് യാത്രയിലൂടെ തെളിഞ്ഞെന്ന് ബിന്‍സ്‌കി പറയുന്നു.
യാത്രക്ക് ശേഷം ഈ വിഡിയോ തയ്യാറാക്കേണ്ടതെങ്ങനെയെന്ന് ഉത്തരകൊറിയന്‍ അധികൃതര്‍ അന്വേഷിക്കുകയോ ഇടപെടുകയോ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കുകയോ ഉണ്ടായിട്ടില്ല. സിയോളില്‍ ഒന്നര വര്‍ഷത്തോളം കഴിഞ്ഞതിന്റെ ഫലമായി കൊറിയന്‍ ഭാഷ ചെറിയ രീതിയില്‍ പഠിക്കാനായത് യാത്രയില്‍ വലിയ തോതില്‍ ഉപകാരപ്പെട്ടുവെന്നും ബിന്‍സ്‌കി പറയുന്നു.
മൂന്ന് മിനുട്ടിലൂടെ ഉത്തരകൊറിയയെ പരിചയപ്പെടാം എന്ന് പറഞ്ഞ് ആരംഭിക്കുന്ന വീഡിയോ ബിന്‍സ്‌കിയുടെ യാത്ര ആരംഭിക്കുന്നത് മുതല്‍ ഉത്തര കൊറിയയിലെ വിവിധ ജന വിഭാഗങ്ങളുമായും വിവിധ രീതികളുമായും ഇടപഴകുന്നതും തിരിച്ച് ബീജിങ്ങിലേക്ക് പോകുന്നതിന് മുന്നേയുള്ള നിമിഷങ്ങളിലൂടെയും കടന്ന് പോകുന്നുണ്ട്.
രാജ്യം എത്രത്തോളം സ്വാതന്ത്രം തനിക്ക് യാത്രയില്‍ നല്‍കിയെന്ന് പറയുന്ന ബിന്‍സ്‌കി ഈ വീഡിയോ ഷെയര്‍ ചെയ്യണമെന്നും സമാധാനവുംം സന്തോവും ഊര്‍ജ്ജവും എത്രത്തോളം തനിക്ക് ഇവിടെ നിന്ന് ലഭിച്ചു എന്നത് എല്ലാവരിലും എത്തട്ടെയെന്നും പറയുന്നു.
മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായ പല രീതികളും ഉത്തരകൊറിയയിലുണ്ടെന്നത് വാസ്തവമാണ്. ഉദാഹരണത്തിന് ടി.വിക്കോ വാര്‍ത്തകള്‍ക്കോ അവിടെ വലിയ പ്രാധാന്യമില്ല. സഞ്ചാരികളുടെ കാര്യത്തിലാണെങ്കില്‍ ഉത്തരകൊറിയയില്‍ എത്തുന്നവര്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ നിയന്ത്രണത്തിലായിരിക്കും എപ്പോഴും. ഇതിനര്‍ഥം നമ്മള്‍ എന്തെങ്കിലും കൂട്ടില്‍ കിടന്ന് ഉത്തരകൊറിയ കാണുന്നുവെന്നല്ല ബിന്‍സ്‌കി പറയുന്നു.
വാര്‍ത്തകളില്‍ നിരന്തരം നിറഞ്ഞ് നില്‍ക്കുന്ന ഉത്തരകൊറിയന്‍ ദക്ഷിണകൊറിയന്‍ വൈരത്തെ കുറിച്ചുള്ള വിവരണവും ബിന്‍സ്‌കി പങ്കുവെക്കുന്നുണ്ട്. ഉത്തരകൊറിയയെക്കുറിച്ച് ആശങ്കയോടെ ചോദിക്കുമ്പോഴെല്ലാം ദക്ഷിണകൊറിയക്കാരായ വിദ്യാര്‍ഥികള്‍ ചിരിക്കാറാണ് പതിവെന്ന് ബിന്‍സ്‌കി പറയുന്നു. അതൊരു വലിയ തമാശയാണെന്ന രീതിയിലാണത്രേ പുതുതലമുറയിലെ ദക്ഷിണ കൊറിയന്‍ വിദ്യാര്‍ഥികള്‍ പ്രതികരിക്കാറ്. മാത്രമല്ല, ഉത്തരകൊറിയ എന്തെങ്കിലും തരത്തില്‍ ഭീഷണിയാണെന്ന് അവരുടെ സംസാരത്തില്‍ നിന്നും തോന്നിയിട്ടില്ലെന്നും ബിന്‍സ്‌കി സാക്ഷ്യപ്പെടുത്തുന്നു.
നാല് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഉത്തരകൊറിയന്‍ സന്ദര്‍ശത്തിനിടെ മാരത്തണില്‍ പങ്കെടുക്കുന്നതും വിവിധ സ്ഥലങ്ങളില്‍ സ്വാതന്ത്രത്തോടെ ഇടപഴകുന്ന മുഹൂര്‍ത്തങ്ങളും ചേര്‍ത്താണ് ബിന്‍സ്‌കി വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.
വീഡിയോ കാണാം: