World News
ദക്ഷിണ കൊറിയയില്‍ നിന്ന് പറന്നുവന്ന ബലൂണുകളാണ് ഇവിടെ കൊവിഡ് പടരാന്‍ കാരണമായത്: ഉത്തര കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 01, 08:40 am
Friday, 1st July 2022, 1:02 pm

സോള്‍: തങ്ങളുടെ രാജ്യത്ത് കൊവിഡ് പടരാന്‍ കാരണമായത് ദക്ഷിണ കൊറിയയില്‍ നിന്നുവന്ന ബലൂണുകളാണെന്ന് ഉത്തര കൊറിയ.

ദക്ഷിണ കൊറിയയില്‍ നിന്നും പറന്നുവന്ന ബലൂണുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലൂടെയാണ് ഉത്തര കൊറിയയില്‍ കൊവിഡ് പടര്‍ന്നത് എന്നായിരുന്നു വെള്ളിയാഴ്ച നോര്‍ത്ത് കൊറിയന്‍ അധികൃതരില്‍ നിന്ന് വന്ന പ്രതികരണം.

ഉത്തര കൊറിയയുടെ തെക്കുകിഴക്കന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരമായ ഇഫോയില്‍ കൊവിഡ് പകര്‍ച്ചയുടെ ക്ലസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കൊറിയയുടെ എപിഡെമിക് പ്രിവന്‍ഷന്‍ സെന്റര്‍ കണ്ടെത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു ഉത്തര കൊറിയയുടെ പ്രതികരണം.

ഇഫോ നഗരത്തിലുള്ള ചിലര്‍ ഏപ്രില്‍ മാസത്തില്‍ ഏലിയന്‍ വസ്തുക്കളുമായി (alien things) സമ്പര്‍ക്കം പുലര്‍ത്തിയെന്നും അതിന് പിന്നാലെ ഇവര്‍ക്ക് ഒമിക്രോണ്‍ രോഗബാധ കണ്ടെത്തിയെന്നുമായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, സൗത്ത് കൊറിയന്‍ ബലൂണുകള്‍ കാരണം നോര്‍ത്ത് കൊറിയയില്‍ കൊവിഡ് പടരാന്‍ ഒരു സാധ്യതയുമില്ലെന്ന് അവരുടെ യൂണിഫിക്കേഷന്‍ മന്ത്രാലയം പ്രതികരിച്ചിട്ടുണ്ട്.

തുറസായ സ്ഥലങ്ങളിലേതിനേക്കാള്‍ അടച്ചിട്ടതും വായുസഞ്ചാരം അധികമില്ലാത്തതുമായ ഇടങ്ങളില്‍, വായുവിലൂടെയുള്ള ഡ്രോപ്‌ലെറ്റുകള്‍ ശ്വസിക്കുന്നവര്‍ക്കും അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കുമാണ് കൊറോണ വൈറസ് പകരാന്‍ സാധ്യതയെന്ന് ഗ്ലോബല്‍ ഹെല്‍ത്ത് അതോറ്റികളും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തര കൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിന്റെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ആയിരക്കണക്കിന് പ്രൊപ്പഗാണ്ട ലഘുലേഖകള്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ആക്ടിവിസ്റ്റുകള്‍ വര്‍ഷങ്ങളായി ബലൂണുകള്‍ക്കുള്ളില്‍ കടത്തി അതിര്‍ത്തി വഴി പറത്തിവിടാറുണ്ട്.

ആക്ടിവ്‌സറ്റുകളെയും അവരുടെ ബലൂണുകള്‍ പറത്തിവിടുന്ന പ്രവര്‍ത്തിയെ തടയാത്ത ദക്ഷിണ കൊറിയന്‍ ഭരണകൂടത്തെയും ഉത്തര കൊറിയ ഇതിന്റെ പേരില്‍ വിമര്‍ശിക്കാറും തങ്ങളുടെ പ്രതിഷേധം അറിയിക്കാറുമുണ്ട്.

Content Highlight: North Korea suggests balloons flown from South Korea brought Covid to their country