| Saturday, 27th March 2021, 8:43 am

മിസൈല്‍ പ്രകോപനം അവസാനിപ്പിക്കാതെ കിം ജോങ് ഉന്‍; ബൈഡന് താക്കീതുമായി ഉത്തര കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്യോംഗിയാംങ്: ഉത്തര കൊറിയ വെള്ളിയാഴ്ച നടത്തിയ മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ നേതാക്കള്‍.

സ്വയം പ്രതിരോധത്തിന്റെ ഭാഗമെന്ന് പറഞ്ഞ് ഉത്തരകൊറിയ നടത്തിയ മിസൈല്‍ പരീക്ഷണം ഐക്യരാഷ്ട്രസഭയുടെ നിബന്ധനകള്‍ മറികടക്കുന്നതാണെന്ന് ജോ ബൈഡന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബൈഡന്‍ തങ്ങളുടെ മിസൈല്‍ പരീക്ഷണത്തെ വിമര്‍ശിച്ചതു വഴി തെറ്റായൊരു ചുവടുവെപ്പാണ് നടത്തിയതെന്നാണ് ഉത്തരകൊറിയ പറഞ്ഞത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാവുകയാണ്.

പുതിയ ഷോര്‍ട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് വെള്ളിയാഴ്ചയാണ് ഉത്തര കൊറിയ അറിയിച്ചത്. ഇതിന് പിന്നാലെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ നിബന്ധനകള്‍ രാജ്യം ലംഘിച്ചുവെന്ന് ബൈഡന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും സംയുക്ത സൈനിക അഭ്യാസം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷയ്ക്കും പ്രതിരോധത്തിനുമുള്ള പ്രാഥമിക നടപടി മാത്രമാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് നോര്‍ത്ത് കൊറിയയുടെ ഭരണകക്ഷി പാര്‍ട്ടിയുടെ സെക്രട്ടറി റി പോങ് കോള്‍ പറഞ്ഞു.

ആലോചിക്കാതെ കാര്യങ്ങള്‍ പറയുകയും ചെയ്യുകയും ചെയ്താല്‍ അമേരിക്ക പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും കോള്‍ കൂട്ടിച്ചേര്‍ത്തു.

നോര്‍ത്ത് കൊറിയയുടെ ആണവായുധ ശേഖരങ്ങള്‍ ക്ഷയിപ്പിക്കണമെന്ന അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.

കഴിഞ്ഞ ദിവസം ജപ്പാന്റെ കടലിന് സമീപം രണ്ട് ബാലിസ്റ്റിക്ക് മിസൈലുകള്‍ ഉത്തരകൊറിയ വിക്ഷേപിച്ചിരുന്നു.

ടോക്കിയോ ഒളിമ്പിക്സിന് ലോകം തയ്യാറെടുക്കുന്നതിന് മുന്നോടിയായി ഉത്തരകൊറിയയുടെ ഭാഗത്തു നിന്നുണ്ടായ പ്രകോപനപരമായ സമീപനത്തെ ഏറെ ആശങ്കയോടുകൂടിയാണ് ലോകരാഷ്ട്രങ്ങള്‍ നോക്കികാണുന്നത്.

ഉത്തര കൊറിയയുമായി ബന്ധട്ടെ പ്രശ്നങ്ങളില്‍ അമേരിക്ക പുതിയ നയം രൂപീകരിക്കുന്നതിനിടയില്‍ നടന്ന ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ കൊറിയന്‍ നയവുമായി ബന്ധപ്പെട്ട നയതന്ത്ര പദ്ധതികള്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നതിനിടെ രൂക്ഷവിമര്‍ശനവുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് മുന്നോട്ടു വന്നിരുന്നു. ദക്ഷിണ കൊറിയയുമായി സംയുക്ത സൈനിക അഭ്യാസത്തിന് യു.എസ് തയ്യാറെടുക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലായിരുന്നു കിം യോ ജോങിന്റെ വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: North Korea says Biden administration took wrong first step over latest missile test

We use cookies to give you the best possible experience. Learn more