| Friday, 4th February 2022, 4:21 pm

'ഇത് നിങ്ങളുടെ വിജയം'; വിന്റര്‍ ഒളിംപിക്‌സില്‍ ചൈനയെ പ്രകീര്‍ത്തിച്ച് കിം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബീജിങ്: വിന്റര്‍ ഒളിംപിക്‌സ് ചൈനയുടെ വലിയ വിജയമെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിനയച്ച സന്ദേശത്തിലാണ് കിം ചൈനക്ക് അഭിനന്ദനങ്ങളറിയിക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ കിം പറഞ്ഞു.

”ലോകവ്യാപകമായുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കിടയിലും ബീജിങ് വിന്റര്‍ ഒളിംപിക്‌സിന് വിജയകരമായി തുടക്കമിട്ടത് സോഷ്യലിസ്റ്റ് ചൈനയുടെ മറ്റൊരു വലിയ വിജയമാണ്,” കത്തില്‍ കിം പറയുന്നതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെ.സി.എന്‍.എ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് രാജ്യങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കുമിടയിലുള്ള ബന്ധം പടിപടിയായി മെച്ചപ്പെടുത്തി പുതിയൊരു സ്റ്റേജിലെത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കത്തില്‍ പറയുന്നു.

2022 ഫെബ്രുവരി നാല് മുതല്‍ ഫെബ്രുവരി 20 വരെയാണ് വിന്റര്‍ ഒളിംപിക്‌സ് നടക്കുന്നത്.

ഉയിഗ്വര്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ചൈനീസ് ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടന്‍ രാജ്യങ്ങള്‍ ബീജിങ് വിന്റര്‍ ഒളിംപിക്‌സില്‍ നിന്നും നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ചിരുന്നു.


Content Highlight: North Korea’s Kim Jong Un calls Winter Olympics a ‘great victory’ for China

We use cookies to give you the best possible experience. Learn more