ന്യൂയോര്‍ക്ക്: ഉത്തരകൊറിയ ആണവ-ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം തുടരുന്നതായി ഐക്യരാഷ്ട്രസമിതി. കരുത്ത് വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ആണവ നശീകരണം കൊറിയ നടത്തിയിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. മറ്റൊരു രാജ്യത്തിനും തകര്‍ക്കാനാകാത്ത രീതിയിലാണ് പരീക്ഷണമെന്നുമാണ് റിപ്പോര്‍ട്ട്.
15 മെമ്പര്‍മാരടങ്ങിയ യു.എന്‍ സുരക്ഷ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് റോയിറ്റേഴ്‌സാണ് പുറത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ ജൂണില്‍ സിങ്കപ്പൂരില്‍ വെച്ചാണ് ഇരുവരും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്.അന്ന് കൊറിയ ആണവ പരീക്ഷണം നിര്‍ത്തുമെന്നും പ്രധാന ആണവ പരീക്ഷണശാലകള്‍ അടച്ചുപൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു.
കൊറിയയുടെ മാറ്റം നയതന്ത്ര വിജയമായാണ് ട്രംപ് വിലയിരുത്തിയത്. എന്നാല്‍ യു.എന്നിന്റെ റിപ്പോര്‍ട്ട് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തലുകള്‍.
യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം കൊറിയയില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം ഇപ്പോഴും തുടരുന്നുണ്ട്. ഇതിനായി പൊതുസംവിധാനങ്ങള്‍ ഉപയോഗിക്കുന്നതായും പറയുന്നു. എന്നാല്‍ യു.എന്‍ റിപ്പോര്‍ട്ടിനോട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചട്ടില്ല. വെള്ളിയാഴ്ചയാണ് സുരക്ഷാ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.