മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥരീകരിച്ച് ഉത്തരകൊറിയ: കിം ജോങ്ങ് ഉന്‍ വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്
North Korea
മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥരീകരിച്ച് ഉത്തരകൊറിയ: കിം ജോങ്ങ് ഉന്‍ വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th May 2019, 8:30 am

പ്യോങ്‌യാങ്ങ്: മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥരീകരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി. ശനിയാഴ്ച നടന്ന മിസൈല്‍ പരീക്ഷണം കിം ജോങ്ങ് ഉന്‍ നിര്‍ദ്ദേശിച്ചതാണെന്ന് വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചു.

ജാപ്പനീസ് സമുദ്രത്തിലേക്ക് ഹോഡോ മേഖലയില്‍ നിന്നും നിരവധി ഹൃസ്വദൂര മിസൈലുകള്‍ കിം ജോങ് ഉന്നിന്റെ നിര്‍ദേശപ്രകാരം ഉത്തരകൊറിയ പരീക്ഷിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തിന്റെ സൈനിക ശക്തിയും രാഷ്ട്രീയ പരമാധികാരവും സംരക്ഷിക്കുന്നതിനായാണ് പരീക്ഷണം നടത്തിയതെന്നും ഉത്തരകൊറിയ പുറത്തിറക്കിയ വാര്‍ത്തയില്‍ വ്യക്തമാക്കുന്നു.

യഥാര്‍ത്ഥ സമാധാനവും സുരക്ഷയും രാജ്യത്തിന്റെ ബലത്തില്‍ നിന്നാണ് ഉണ്ടാവുന്നത് എന്ന സ്ത്യം തിരിച്ചറിയണമെന്ന് കിം ജോങ്ങ് ഉന്‍ സൈന്യത്തോട് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആണവസംബന്ധമായ ചര്‍ച്ചകള്‍ തുടങ്ങിവെക്കാന്‍ അമേരിക്കക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉള്ള ശ്രമമാണ് പരീക്ഷണമെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം ഉത്തരകൊറിയയുടെ പുതിയ നീക്കത്തിനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പ്രതികരിച്ചു.

ഉത്തരകൊറിയയുടെ സാമ്പത്തിക ശക്തി തിരിച്ചറിഞ്ഞ്, നിലവില്‍ അമേരിക്കയുമായുള്ള ബന്ധം തകരുന്ന കാര്യങ്ങള്‍ ഒന്നും കിം ജോങ്ങ് ഉന്‍ ചെയ്യില്ല എന്ന് വിശ്വസിക്കുന്നു. താന്‍ കിം ജോങ്ങ് ഉന്നിനൊപ്പമാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും തനിക്ക് തന്ന വാക്കുകള്‍ പാലിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.