ഉത്തരകൊറിയയില്‍ ഭൂകമ്പം; ആണവ പരീക്ഷണമെന്ന് ദക്ഷിണ കൊറിയ
Daily News
ഉത്തരകൊറിയയില്‍ ഭൂകമ്പം; ആണവ പരീക്ഷണമെന്ന് ദക്ഷിണ കൊറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th September 2016, 9:12 am

സ്‌ഫോടന ഫലമായുണ്ടായ ചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെള്ളിയാഴ്ച കൊറിയയുടെ ദേശീയ ദിനം കൂടിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊറിയ തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കാറുണ്ട്.

സിയോള്‍: ഉത്തരകൊറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം. എന്നാല്‍  ഉത്തര കൊറിയ ആണവ ബോംബ് പരീക്ഷണം നടത്തിയതാണെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി യോനാപ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ആണവ പരീക്ഷണ വിവരം ഉത്തര കൊറിയന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. മേഖലയില്‍ നേരത്തെ ഉണ്ടായ ചലനങ്ങളെല്ലാം ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയതിന്റേതായിരുന്നു.

സ്‌ഫോടന ഫലമായുണ്ടായ ചലനമാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. വെള്ളിയാഴ്ച കൊറിയയുടെ ദേശീയ ദിനം കൂടിയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊറിയ തങ്ങളുടെ സൈനിക ശക്തി പ്രകടിപ്പിക്കാറുണ്ട്.

ഉപഗ്രഹ ചിത്രങ്ങളുടെയും രഹസ്യാന്വേഷണ വിവരത്തിന്റേയും അടിസ്ഥാനത്തില്‍ വടക്കു കിഴക്കന്‍ ഉത്തര കൊറിയയിലെ പുംഗീ-റിയിലാണ് പ്രകമ്പനം ഉണ്ടായതെന്ന് കണ്ടെത്തിയിട്ടുണ്ട്. മുമ്പും ഇവിടെ തന്നെയാണ് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയിട്ടുള്ളത്.

kim

ഉത്തരകൊറിയ നടത്തിയത് ആണവ പരീക്ഷണമാകാന്‍ സാധ്യതയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. അണു പരീക്ഷണമാണ് കൊറിയ നടത്തിയതെങ്കില്‍ ക്ഷമിക്കില്ലെന്നും ആബെ പറഞ്ഞു. സംഭവത്തില്‍ യു.എന്‍ രക്ഷാസമിതി യോഗം അടിയന്തരമായി വിളിക്കണമെന്നും ആബെ ആവശ്യപ്പെട്ടിട്ടുണ്ട്.

സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍ കൊറിയയുടെ അഞ്ചാമത് അണു പരീക്ഷണമാകും ഇന്നത്തേത്. ന്യൂക്ലിയര്‍, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കൊറിയക്ക് യു.എന്‍ വിലക്കുണ്ട്. എങ്കിലും കഴിഞ്ഞ മാസങ്ങളില്‍ നിരവധി തവണ ബാലിസ്റ്റിക് മിസൈലുകള്‍ കൊറിയ പരീക്ഷിച്ചിരുന്നു.