| Friday, 5th April 2013, 12:30 am

അമേരിക്കയെ ലക്ഷ്യം വെച്ച് ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സിയോള്‍: അമേരിക്കയെ ലക്ഷ്യം വച്ച് ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ വൃത്തങ്ങള്‍.

രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ഉത്തര കൊറിയ മിസൈല്‍ വിന്യസിച്ചതായി വാര്‍ത്തകള്‍ വന്നതോടെയാണ് ഇത് അമേരിക്കയെ ലക്ഷ്യംവച്ചുള്ളതാണെന്ന ആരോപണവുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയത്. []

ദക്ഷിണ കൊറിയയിലും ജപ്പാനിലുമുള്ള യുഎസ് സൈനികത്താവളങ്ങളെയാണ് മിസൈല്‍ ഉന്നംവയ്ക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.

300 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ജപ്പാനിലെയും ദക്ഷിണ കൊറിയയിലെയും അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയുള്ളതാവാമെന്നും ദക്ഷിണ കൊറിയന്‍ പ്രതിരോധമന്ത്രി കിം ക്വാന്‍ ജിന്‍ അഭിപ്രായപ്പെട്ടു.

യുഎസ് സൈനിക താവളങ്ങളില്‍ ആക്രമണം നടത്തുമെന്ന ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള സംവിധാനങ്ങള്‍ ഉത്തരകൊറിയയ്ക്ക് ഇല്ലെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.

അമേരിക്കന്‍ വന്‍കരവരെയെത്തുന്ന മിസൈലുകള്‍ ഉത്തരകൊറിയക്കില്ല. എന്നാല്‍ ഏഷ്യപസഫിക് മേഖലയിലെ യു.എസ്. സൈനികത്താവളങ്ങള്‍ക്കുനേരെ തൊടുക്കാന്‍ ശേഷിയുള്ള മിസൈലുകള്‍ അവരുടെ ശേഖരത്തിലുണ്ട്.

അതേസമയം ഉത്തരകൊറിയയുടെ ആണവഭീഷണിയെ നേരിടാന്‍ ശാന്തസമുദ്രമേഖലയില്‍ യു.എസ്. മിസൈല്‍ പ്രതിരോധസംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നു. നേരത്തേതന്നെ യു.എസ്. പടക്കപ്പലുകള്‍ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്.

അതിനിടെ ഉത്തരകൊറിയ തങ്ങളുടെ മധ്യദൂര മിസൈലായ “മുസുഡന്‍” രാജ്യത്തിന്റെ കിഴക്കന്‍തീരത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

ശാന്തസമുദ്രത്തിലെ ഗുവാം ദ്വീപില്‍ മിസൈല്‍ പ്രതിരോധസംവിധാനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സജ്ജീകരിക്കുമെന്ന് യു.എസ്. പ്രതിരോധമന്ത്രാലയമായ പെന്റഗണ്‍ അറിയിച്ചു.

യു.എസ്. ശത്രുതാമനോഭാവം തുടരുകയാണെങ്കില്‍ ചെറുതും വ്യത്യസ്തവുമായ ആണവായുധങ്ങള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ സൈന്യത്തിന് അനുമതി ലഭിച്ചതായി കഴിഞ്ഞദിവസം ഉത്തരകൊറിയന്‍സേന പ്രഖ്യാപിച്ചിരുന്നു.

ഉത്തരകൊറിയയുടെ അടുത്തകാലത്തെ പ്രവൃത്തികള്‍ തങ്ങള്‍ക്കും മേഖലയിലെ തങ്ങളുടെ സുഹൃദ് രാഷ്ട്രങ്ങള്‍ക്കും വ്യക്തമായ ഭീഷണിയാണെന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ചക്‌ഹേഗല്‍ പറഞ്ഞു.

മിസൈല്‍ വിക്ഷേപണികള്‍, റഡാറുകള്‍, ശത്രുമിസൈലുകളെ ആകാശത്ത് വെച്ചുതന്നെ തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകള്‍തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെട്ട “ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് സിസ്റ്റ”മാണ് യു.എസ്. ശാന്തസമുദ്രമേഖലയില്‍ വിന്യസിക്കുക.

കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷം കനക്കുന്നതില്‍ കടുത്ത ഉത്കണ്ഠയുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. പ്രശ്‌നം പരിഹരിക്കാന്‍ ചൈന ഇടപെടണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

കൊറിയന്‍ അതിര്‍ത്തിയിലെ സംയുക്ത വ്യവസായ സംരംഭങ്ങളില്‍ ദക്ഷിണ കൊറിയന്‍ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്.

തങ്ങളുടെ തൊഴിലാളികളെ മേഖലയില്‍ നിന്ന് പിന്‍വലിക്കുമെന്ന നിലപാടും ഉത്തര കൊറിയ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഹാകര്‍മാര്‍ നുഴഞ്ഞുകയറിയത് ഉത്തരകൊറിയയ്ക്ക് തിരിച്ചടിയായി. സൈറ്റുകള്‍ പുനസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് സാങ്കേതികവിദഗ്ധര്‍.

Latest Stories

We use cookies to give you the best possible experience. Learn more