| Wednesday, 12th December 2012, 11:02 am

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

സോള്‍: ലോകരാജ്യങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉത്തരകൊറിയ റോക്കറ്റ് പരീക്ഷണം നടത്തി. റോക്കറ്റ് വിക്ഷേപണം വിജയകരമായെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ ഉപഗ്രഹ വിക്ഷേപണത്തിനുള്ള റോക്കറ്റാണ് പരീക്ഷിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.[]

എന്നാല്‍ ആയുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ദീര്‍ഘ ദൂര മിസൈല്‍ സംവിധാനം വികസപ്പിച്ചെടുക്കാനുള്ള ഉത്തരകൊറിയയുടെ മറയാണ് റോക്കറ്റ് പരീക്ഷണമെന്ന് ലോകരാജ്യങ്ങള്‍ ആരോപിക്കുമ്പോള്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് പരീക്ഷണമെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നു.

സാങ്കേതിക തകാറിനെ തുടര്‍ന്ന് വിക്ഷേപണം വൈകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി നടത്തിയ പരീക്ഷണം അയല്‍രാജ്യങ്ങളെ അസ്വസ്തരാക്കിയിട്ടുണ്ട്.

അതേസമയം, റോക്കറ്റ് വിക്ഷേപണത്തേക്കുറിച്ചും അതിന്റെ ഫലത്തേക്കുറിച്ചും രണ്ടു ദിവസത്തിനകം ഉത്തരകൊറിയ പ്രതികരിക്കുമെന്നാണ് സൂചന.

റോക്കറ്റ് വിക്ഷേപിച്ചതിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണകൊറിയ അടിയന്തര സുരക്ഷായോഗം വിളിച്ചു. നിഷേധാത്മക നിലപാട് സ്വീകരിച്ച ഉത്തരകൊറിയയ്‌ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് ജപ്പാന്‍ വ്യക്തമാക്കി.

ഉത്തരകൊറിയയുടെ നീക്കത്തില്‍ അമേരിക്ക കടുത്ത അതൃപ്തി രേഖപ്പെടുത്തി. ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനുള്ള മുന്നോടിയായാണ് റോക്കറ്റ് വിക്ഷേപണമെന്ന് അമേരിക്ക കുറ്റപ്പെടുത്തി. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക അറിയിച്ചു.

ഇന്ത്യന്‍സമയം ഇന്ന് പുലര്‍ച്ചെ 6.20നായിരുന്നു വിക്ഷേപണം. പടിഞ്ഞാറന്‍ തീരത്തു നിന്ന് വിക്ഷേപണം നടത്തിയെങ്കിലും പരീക്ഷണം പൂര്‍ണ വിജയമായിരുന്നോയെന്ന കാര്യം വ്യക്തമല്ല. ഏപ്രിലില്‍ നടത്തിയ പരീക്ഷണം പരാജയപ്പെട്ടിരുന്നു.

അടുത്തയാഴ്ച ദക്ഷിണ കൊറിയയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഉത്തരകൊറിയയുടെ വിവാദ പരീക്ഷണം. റോക്കറ്റ് വിക്ഷേപണം മുന്‍നിര്‍ത്തി ജപ്പാന്‍ അതിര്‍ത്തി മേഖലകളിലും തീരദേശ മേഖലകളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു.

We use cookies to give you the best possible experience. Learn more