അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ കൊറിയന്‍ നയവുമായി ബന്ധപ്പെട്ട നയതന്ത്ര പദ്ധതികള്‍ തയ്യാറാക്കാന്‍ ഒരുങ്ങുന്നതിനിടെ രൂക്ഷവിമര്‍ശനവുമായി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്.
ദക്ഷിണ കൊറിയയുമായി സൈനിക പങ്കാളിത്തത്തില്‍ യു.എസ് ഭാഗമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കിം യോ ജോങ് എതിര്‍പ്പുമായി മുന്നോട്ടുവന്നത്.
ഉത്തരകൊറിയന്‍ പത്രത്തിലും അവര്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെതിരെ വിമര്‍ശനം ഉന്നയിച്ച് മുന്നോട്ടു വന്നു.
” ഞങ്ങളുടെ രാജ്യത്ത് വെടിയുണ്ടകളുടെ ഗന്ധം പരത്താന്‍ ശ്രമിക്കുന്ന അമേരിക്കയിലെ പുതിയ ഭരണകൂടത്തിനോട് ഒരു കാര്യം പറയാനുണ്ട്. വരും വര്‍ഷങ്ങളില്‍ സമാധാനത്തോടെ കിടന്നുറങ്ങണമെങ്കില്‍ തുടക്കം മുതല്‍ തന്നെ കാര്യങ്ങള്‍ നാറ്റിക്കാതിരിക്കാന്‍ ശ്രമിക്കണം,” കിം യോ ജോങ് പറഞ്ഞു.
അമേരിക്കയും ദക്ഷിണ കൊറിയയും തമ്മിലുള്ള സൈനിക സഹകരണം ഉത്തരകൊറിയയെ കടന്നാക്രമിക്കാനാണെന്നും അവര്‍ പറഞ്ഞു.
യുദ്ധത്തിനും പ്രതിസന്ധികള്‍ക്കുമായി ദക്ഷിണ കൊറിയ വീണ്ടും മാര്‍ച്ച് ചെയ്ത് വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയുടെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതിയില്‍ യു.എസും ദക്ഷിണകൊറിയയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അടുത്തമാസമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉത്തരകൊറിയയുമായി ബന്ധപ്പെട്ട യു.എസ് നയം പ്രഖ്യാപിക്കുക. ഈ സാഹചര്യത്തില്‍ ഈ ആഴ്ചയിലെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ദക്ഷിണ കൊറിയ സന്ദര്‍ശനം വലിയ പ്രാധാന്യമുള്ള വിഷയമായി അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു.
അമേരിക്കന്‍ നഗരങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചതിന് പിന്നാലെ 2017ല്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. എന്നാല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കിം ജോങ് ഉന്നുമായി വ്യക്തി ബന്ധം വളര്‍ത്തിയത് സംഘര്‍ഷങ്ങള്‍ ശമിക്കാന്‍ ഇടയാക്കി.