| Saturday, 27th May 2023, 5:34 pm

രക്ഷിതാക്കള്‍ ബൈബിള്‍ കൈവശം വെച്ചു; ഉത്തരകൊറിയയില്‍ രണ്ട് വയസുകാരന് ജീവപര്യന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്യോങ്യാങ്: ഉത്തര കൊറിയയില്‍ വിവിധ മത വിശ്വാസികള്‍ വധശിക്ഷക്കും അവരുടെ കുടുംബാംഗങ്ങള്‍ ജീവപര്യന്തത്തിനും വിധേയരാവുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട്. 70,000 ക്രിസ്ത്യാനികള്‍ തടവിലാക്കപ്പെട്ടതായി യു.എസ് പുറത്ത് വിട്ട അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പറയുന്നു. തടവിലാക്കപ്പെട്ടവരില്‍ ആയിരകണക്കിന് ആളുകള്‍ വിവിധ മത വിശ്വാസികളാണ്.

ജയിലിലാക്കപ്പെട്ടവരില്‍ രണ്ട് വയസുള്ള കുട്ടിയും ഉള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രക്ഷിതാക്കളില്‍ നിന്നും ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മതപരമായ ആചാരങ്ങള്‍ അനുഷ്ഠിച്ചതിനും ബൈബിള്‍ കൈവശം വെച്ചതിനുമായിരുന്നു കുടുംബത്തെ അറസ്റ്റ് ചെയ്തത്. 2009ല്‍ രണ്ട് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബത്തെയും പൊളിറ്റിക്കല്‍ ജയില്‍ ക്യാമ്പില്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഈ ക്യാമ്പില്‍ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികള്‍ ശാരീരിക പീഡനങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യാനികള്‍ക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് 90 ശതമാനവും ഉത്തരവാദി സുരക്ഷാ മന്ത്രാലയമാണെന്ന് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു.

മതാചാരങ്ങളില്‍ ഏര്‍പ്പെടുന്നവരെയും, മതപരമായ വസ്തുക്കള്‍ കൈവശം വെക്കുന്നവരെയും, മതവിശ്വാസങ്ങള്‍ പങ്കിടുന്നവരെയും, മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും സര്‍ക്കാര്‍ വേട്ടയാടുന്നതായി കൊറിയ ഫ്യൂച്ചറിനെ ഉദ്ധരിച്ച് കൊണ്ട് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതാചാരങ്ങളില്‍ വിശ്വസിക്കുന്നവരെ അറസ്റ്റ് ചെയ്യുക, തടവിലാക്കുക, പീഡിപ്പിക്കുക, നാടുകടത്തുക, ലൈംഗിക പീഡനത്തിന് വിധേയരാക്കുക എന്നിങ്ങനെയാണ് സര്‍ക്കാര്‍ വേട്ടയാടുന്നത്.

2021ല്‍ കൊറിയ ഫ്യൂച്ചര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍ക്കെതിരായ മത സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. പീഡനം നേരിടേണ്ടി വന്ന 151 സ്ത്രീകളുടെ അഭിമുഖം അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

Contenthighlight: NORTH KOREA JAILED 2 YEAR OLD FOR LIFE AFTER PARENTS WERW CAUGHT WITH BIBLE

We use cookies to give you the best possible experience. Learn more