| Wednesday, 14th November 2018, 12:34 pm

ഉത്തരകൊറിയയില്‍ രഹസ്യ മിസൈല്‍ കേന്ദ്രങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: യു.എസുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രധാന ആണവ,മിസൈല്‍ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറായെങ്കിലും രഹസ്യ കേന്ദ്രങ്ങളില്‍ ഇപ്പോഴും മിസൈല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. യു.എസിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇത്തരത്തില്‍ 20കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ 13 കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ കണ്ടെത്തിയത്. രഹസ്യ ഓപ്പറേഷന്‍ സംബന്ധിച്ച് യു.എസ്. ഇന്റലിജന്‍സിന് അറിവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ALSO READ: ശബരിമല: വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി: റിവ്യൂ ഹര്‍ജികള്‍ നേരത്തെ പരിഗണിക്കാനാവില്ലെന്നും സുപ്രീം കോടതി

ജൂണില്‍ ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ആണവ മിസൈലുകളുടെ ഉല്‍പാദനം നിര്‍ത്തുന്നുവെന്ന ചരിത്ര തീരുമാനം ഉത്തരകൊറിയ സ്വീകരിച്ചത്.

കൂടിക്കാഴ്ചയ്ക്ക് ശേഷം കൊറിയ ഇതുവരെ ആണവ മിസൈല്‍ പരീക്ഷണം നടത്തിയിട്ടില്ല. മാത്രമല്ല പ്രധാന മിസൈല്‍ കേന്ദ്രം ഉത്തരകൊറിയ പൊളിക്കുകയും മുഖ്യ ആണവ സമുച്ചയം ഉടന്‍ തകര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇവയെല്ലാം ലോകത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണെന്നാണ് സി.എസ്.ഐ.എസ്. റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ ഹ്രസ്വദൂര ബാലിസ്റ്റിക്ക് മിസൈലുകളും ഭൂഖണ്ഡാന്തര മിസൈലുകളും തൊടുക്കാന്‍ ശേഷിയുള്ള കേന്ദ്രങ്ങളാണിവയെന്നും സി.എസ്.ഐ.എസിലെ മാര്‍ക് ഫിറ്റ്‌സ്പാട്രിക്ക് പറയുന്നു.

We use cookies to give you the best possible experience. Learn more