ദക്ഷിണ കൊറിയന്‍ അതിര്‍ത്തിക്കടുത്തുള്ള റോഡുകള്‍ ഉത്തര കൊറിയ തകര്‍ത്തതായി റിപ്പോര്‍ട്ട്
World News
ദക്ഷിണ കൊറിയന്‍ അതിര്‍ത്തിക്കടുത്തുള്ള റോഡുകള്‍ ഉത്തര കൊറിയ തകര്‍ത്തതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 15th October 2024, 1:47 pm

സിയോള്‍: ഭീഷണികള്‍ക്ക് പിന്നാലെ ദക്ഷിണ കൊറിയന്‍ അതിര്‍ത്തിക്കടുത്തുള്ള റോഡുകള്‍ ഉത്തര കൊറിയ തകര്‍ത്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയിലെ ഉപയോഗ ശൂന്യമായ റോഡുകള്‍ പൊട്ടിത്തെറിച്ചതായാണ് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തത്.

ഇരു രാജ്യങ്ങളെയും വിഭജിക്കുന്ന സൈനിക അതിര്‍ത്തിക്കടുത്തുള്ള റോഡിന്റെ ചില ഭാഗങ്ങളാണ് ഉത്തര കൊറിയ നടത്തിയ ബ്ലാസ്റ്റില്‍ തകര്‍ന്നതെന്നാണ് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചത്.

ഉത്തര കൊറിയയുടെയും ദക്ഷിണ കൊറിയയുടെയും അതിര്‍ത്തി രേഖയുടെ അടുത്തു നിന്നാണ് സൈന്യം മുന്നറിയിപ്പ് വെടി ഉതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.

ഉപയോഗ ശൂന്യമായ റോഡുകളാണ് തകര്‍ത്തതെങ്കിലും ഉത്തര കൊറിയയുടെ നിലവിലെ നിലപാട് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാന്‍ താത്പര്യമില്ലായ്മയെയാണ് സൂചിപ്പിക്കുന്നതെന്നാണ് വിദഗ്ദരുടെ അഭിപ്രായമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

പ്യോയാങ് റോഡുകള്‍ തകര്‍ക്കുമെന്നും ദക്ഷിണ കൊറിയയുടെ ഭാഗത്ത് നിന്നും ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഉത്തര കൊറിയ പറഞ്ഞതിന് പിന്നാലെയാണ് സംഭവം.

ഡ്രോണ്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ഉത്തര കൊറിയന്‍ പ്രധാനമന്ത്രി കിം ജോങ് ഉന്‍ തന്റെ സൈനിക ഉദ്യോഗസ്ഥരുമായി യോഗം വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തിയില്‍ സ്‌ഫോടനം നടന്നത്. ദക്ഷിണ കൊറിയയില്‍ നിന്ന് പ്രകോപനപരമായ സമീപനങ്ങളുണ്ടായാല്‍ ഉടനടി തിരിച്ചടിയുണ്ടാവുമെന്ന് ഉത്തര കൊറിയ അറിയിച്ചിരുന്നു.

പ്യോയാങിന് മുകളിലൂടെ പ്രചാരണ ലഘുലേഖകള്‍ വഹിക്കുന്ന ഡ്രോണുകള്‍ കടന്നുപോവുന്നതായി ഉത്തര കൊറിയ കഴിഞ്ഞ ദിവസങ്ങളില്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉയര്‍ന്നിരുന്നു.

ദക്ഷിണ കൊറിയയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകണമെന്ന് സൈന്യത്തോട് ഉത്തര കൊറിയ ഉത്തരവിട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ മാസം മൂന്ന് വ്യത്യസ്ത അവസരങ്ങളിലായി ഡ്രോണുകള്‍ ഉപയോഗിച്ച് പ്രചരണ ലഘുലേഖകള്‍ അയച്ചതിനുള്ള മറുപടിയായാണ് സൈന്യത്തെ തയ്യാറാക്കുന്നതെന്നായിരുന്നു ഉത്തരകൊറിയ അറിയിച്ചത്.

ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിക്കടുത്തുള്ള സൈനിക വിഭാഗങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും വെടിവെപ്പിന് തയ്യാറെടുക്കാന്‍ മുന്നറിയിപ്പും ഉത്തരകൊറിയ നല്‍കിയിരുന്നു.

ആക്രമണത്തില്‍ ദക്ഷിണ കൊറിയയ്ക്ക് കടുത്ത നാശം നേരിടേണ്ടിവരുമെന്നും ശക്തമായ ആക്രമണമുണ്ടായാല്‍ ചാരക്കൂമ്പാരമായി ദക്ഷിണ കൊറിയ മാറുമെന്നും ഉത്തരകൊറിയ വക്താവ് മുന്നറിയിപ്പ് നല്‍കിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Content Highlight: North Korea has destroyed roads near the South Korean border