| Sunday, 29th March 2020, 1:05 pm

ലോകത്തിന് കൊവിഡ് പരീക്ഷണം, കിമ്മിന് മിസൈല്‍ പരീക്ഷണം, കൊവിഡ് കാലത്തിനിടയില്‍ ഉത്തരകൊറിയ നടത്തിയത് കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകം കൊവിഡ്-19 നില്‍ വിറങ്ങലിച്ച് നില്‍ക്കവെ മിസൈല്‍ പരീക്ഷണത്തില്‍ ഒരു കുറവും വരുത്താതെ ഉത്തരകൊറിയന്‍ ഭരണാധികാരി കിം. ജോങ് ഉന്‍. ഞായറാഴ്ച ഉത്തരകൊറിയയില്‍ കിഴക്കന്‍ കടല്‍ തീരത്തേക്ക് രണ്ടു ബാലിസ്റ്റിക് മിസൈലുകളാണ് കിം വിക്ഷേപിച്ചത്.

മാര്‍ച്ച് മാസം ഉത്തരകൊറിയ നടത്തുന്ന ഒമ്പതാമത്തെ മിസൈല്‍ വിക്ഷേപണമാണിതെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈയടുത്ത വര്‍ഷങ്ങളിലായി ഒറ്റമാസത്തിനുള്ളില്‍ ആദ്യമായിട്ടായിരിക്കും ഉത്തരകൊറിയ ഇത്രയും മിസൈല്‍ പരീക്ഷണം നടത്തുന്നതെന്നാണ് ആണവായുധ നിര്‍വ്യാപന പഠന കേന്ദ്രമായ ജെയിംസ് മാര്‍ട്ടിനിലെ ഗവേഷകന്‍ ഷീ കോട്ടന്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ഇത്രയധികം പരീക്ഷണങ്ങള്‍ നാം ഇതിനു മുമ്പ് കണ്ടത് 2016 ലും 2017 ലും ആണ്. ഈ രണ്ടു വര്‍ഷങ്ങളിലും ഉത്തരകൊറിയന്‍ മിസൈല്‍ പരീക്ഷണത്തെ സംബന്ധിച്ചിടത്തോളം വലിയ വര്‍ഷങ്ങളായിരുന്നു,’ ഷി കോട്ടന്‍ പറഞ്ഞു. അതേ സമയം ദൂരവ്യാപ്തി കുറഞ്ഞ മിസൈലുകളാണ് കിം ഇതുവരെ പരീക്ഷിച്ചിരിക്കുന്നത്.

ലോകത്താകമാനം വലിയ പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഉത്തരകൊറിയയുടെ പ്രവൃത്തി അനുചിതമാണെന്ന് ദക്ഷിണകൊറിയ ആരോപിച്ചു.

‘ മുഴുവന്‍ ലോകവും കൊവിഡ്-19 മൂലം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഉത്തരകൊറിയയുടെ ഇത്തരത്തിലുള്ള സൈനിക നടപടികള്‍ സന്ദര്‍ഭത്തിനു ചേര്‍ന്നതല്ല. അടിയന്തരമായി ഇത് നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു, ദക്ഷിണ കൊറിയന്‍ സൈന്യം ഔദ്യോഗികമായി അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ ദക്ഷിണകൊറിയയുടെയും യു.എസിന്റെയും സംയുക്ത സൈനിക പരിശീലനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഉത്തരകൊറിയയില്‍ നിലവില്‍ ഒരു കൊവിഡ് കേസും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് കിം ജോങ് ഉന്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇതില്‍ ആഗോളതലത്തില്‍ സംശയമുണ്ട്. മാധ്യമങ്ങള്‍ക്ക് യാതൊരു സ്വാതന്ത്ര്യവും ഇല്ലാത്തിനാല്‍ തന്നെ ഇവിടെ എന്തു നടക്കുന്നു എന്ന് കൃത്യമായി അറിയാന്‍ ലോകത്തിനു മുന്നില്‍ വഴികളൊന്നുമില്ല.

We use cookies to give you the best possible experience. Learn more