ദക്ഷിണ കൊറിയയില്‍ ഉത്തര കൊറിയ ബലൂണ്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്
World News
ദക്ഷിണ കൊറിയയില്‍ ഉത്തര കൊറിയ ബലൂണ്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2024, 4:56 pm

സിയോള്‍: ദക്ഷിണ കൊറിയയുടെ പ്രസിഡന്‍ഷ്യല്‍ കോമ്പൗണ്ടില്‍ ഉത്തര കൊറിയ ബലൂണ്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പരിഹസിക്കുന്ന ലഘുലേഖകളും ബലൂണിലുണ്ടായിരുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍ കൊറിയന്‍ അതിര്‍ത്തിയില്‍ നിന്നയച്ച ബലൂണ്‍ സിയോണിലെ യോങ്‌സാന്‍ ജില്ലയില്‍ പതിച്ചതായും ഇതില്‍ ചപ്പുചവറുകളാണെന്നും അപടകരമായ വസ്തുക്കള്‍ കണ്ടെടുത്തില്ലെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്‍ഷ്യല്‍ സെക്യൂരിറ്റി സര്‍വീസ് അറിയിച്ചു.

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളിവനെയും ഭാര്യയെയും പരിഹസിക്കുന്ന പ്രചാരണ ലഘുലേഖകള്‍ ബലൂണിലുണ്ടെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണ കൊറിയയുടെ ഔദ്യോഗിക നാമത്തെ വിമര്‍ശിക്കുന്നുവെന്നും ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ ഉള്‍പ്പെട്ട ലഘുലേഖകള്‍ പ്രദേശത്ത് നിന്നും നീക്കം ചെയ്തതായും ഉത്തരകൊറിയന്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുടര്‍ സംഭവങ്ങളുണ്ടായത്.

സിയോള്‍ ഇതിന് അനുഭവിക്കേണ്ടിവരുമെന്നും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോഹ് പറഞ്ഞിരുന്നു.

നേരത്തെ ദക്ഷിണ കൊറിയയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങള്‍ ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ തയ്യാറാകണമെന്ന് സൈന്യത്തോട് ഉത്തര കൊറിയ ഉത്തരവിട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ചകളില്‍ ആദ്യം രണ്ട് വിമാനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് തവണയായി പ്യോയാങ്ങിന് മുകളിലൂടെ ദക്ഷിണ കൊറിയ ഡ്രോണുകള്‍ പറത്തിയതായി ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചപ്പുചവറുകളും മറ്റ് അവശിഷ്ടങ്ങളും നിറച്ച ബലൂണുകള്‍ സൗത്ത് കൊറിയയിലേക്ക് നോര്‍ത്ത് കൊറിയ അയച്ചിരുന്നു. തുടര്‍ന്ന് സൈന്യം പ്രതികരിക്കുമെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Content Highlight: North Korea dumped balloon debris in South Korea report