| Tuesday, 12th February 2013, 3:18 pm

ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊറിയ:  ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തി. പരീക്ഷണം ചെറിയ തോതിലും സുരക്ഷിതവുമായിട്ടാണ് ഭൂമിക്കടിയില്‍ നടത്തിയതെന്ന് പ്യോങ്‌യാങ് പറഞ്ഞു. []

രാജ്യത്തിലെ ഒരു ആണവ റിയാക്ടറിനടുത്ത് ഭൂചലനമുണ്ടായതായി രക്ഷാസമിതി കണ്ടെത്തിക്കഴിഞ്ഞ് മൂന്നു മണിക്കൂറുകള്‍ക്കു ശേഷമാണ് സ്ഥിരീകരണവുമായി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.

2006ലും 2009ലും ഉത്തര കൊറിയ രണ്ട് ആണവ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മൂന്നാമത്തെ ആണവ പരീക്ഷണം ഉടനുണ്ടെന്ന സൂചനകളും ഉത്തര കൊറിയ നല്‍കിയിരുന്നു.

ഉത്തര കൊറിയയില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണവപരീക്ഷണത്തിന്റെ ഫലമാണെന്നാണ് സംശയമുയര്‍ന്നിരുന്നു.

കൊറിയയിലെ പ്രാദേശിക സമയം രാവിലെ 11.57 നാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഉത്തര കൊറിയയില്‍ അസാധാരണമായ ഭൂചലനമാണുണ്ടായതെന്ന് സംഘടനയുടെ വക്താവ് അനിക്ക തുന്‍ബോര്‍ഗ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറായില്ല.

ആണവ പരീക്ഷണം തന്നെയാകാം ഭൂചലനത്തിനു കാരണമെന്നാണ് വിലയിരുത്തലെന്ന് ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ ഓഫിസിലെ വൃത്തങ്ങളെ ഉദ്ധരിച്ച് യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

ഭൂനിരപ്പില്‍ നിന്നും വെറും ഒരു കിലോമീറ്റര്‍ മാത്രം ആഴത്തിലുണ്ടായ ഭൂചലനം ഉത്തര കൊറിയയുടെ അറിയപ്പെടുന്ന ആണവ പരീക്ഷണ മേഖലയിലാണ് ഉണ്ടായതും.

Latest Stories

We use cookies to give you the best possible experience. Learn more