ആണവപരീക്ഷണങ്ങള്‍ നിര്‍ത്താനൊരുങ്ങി ഉത്തരകൊറിയ: ഇനി രാജ്യത്തിന്റെ സമ്പത്തും സമാധാനവും ഉറപ്പുവരുത്താന്‍ ശ്രമിക്കും
North Korea Nuclear Test
ആണവപരീക്ഷണങ്ങള്‍ നിര്‍ത്താനൊരുങ്ങി ഉത്തരകൊറിയ: ഇനി രാജ്യത്തിന്റെ സമ്പത്തും സമാധാനവും ഉറപ്പുവരുത്താന്‍ ശ്രമിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st April 2018, 9:10 am

പ്യോഗ്യാംഗ്: ആണവപരീക്ഷണങ്ങളിലെ നിലപാടുകളില്‍ മാറ്റം വരുത്തി ഉത്തരകൊറിയ. നിലവില്‍ തുടരുന്ന ആണവപരീക്ഷണങ്ങളും മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കാന്‍ ഉത്തരകൊറിയ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതിന്റെ ഭാഗമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആണവ പരീക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഉത്തരകൊറിയന്‍ വാര്‍ത്ത ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

ആണവപരീക്ഷണങ്ങള്‍ക്ക് നല്‍കുന്ന ഭീമമായ തുക രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ പുരോഗതിയ്ക്കായി ഉപയോഗിക്കാനാണ് ഉത്തരകൊറിയന്‍ ഭരണകൂടത്തിന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.


ALSO READ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രഈല്‍ ആക്രമണം: പതിനഞ്ചുകാരന്‍ ഉള്‍പ്പടെ നാലു ഫലസ്തീന്‍ യുവാക്കള്‍ കൊല്ലപ്പെട്ടു


സമാധാനശ്രമങ്ങളുടെ ഭാഗമായി ഉത്തരകൊറിയന്‍ മേധവിയായ കിം ജോങ് ഉന്‍ ദക്ഷിണകൊറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരിക്കയാണ്. ഇതിനുപിറകേയാണ് ആണവപരീക്ഷണങ്ങള്‍ നിര്‍ത്തി സമാധാനപരീക്ഷണങ്ങള്‍ നടത്താനുള്ള ഉത്തരകൊറിയന്‍ തീരുമാനം.

രാജ്യത്തെ സമാധാനം നിലനിര്‍ത്താന്‍ എടുത്ത ഉത്തരകൊറിയന്‍ സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അന്താരാഷ്ട്രസമൂഹം വിലയിരുത്തി. ഉത്തരകൊറിയയ്ക്ക് മാത്രമല്ല ലോകത്തിന് തന്നെയുള്ള സന്തോഷവാര്‍ത്തയാണിതെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.