| Tuesday, 13th June 2023, 7:37 am

ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകുന്നതല്ല കേരളത്തിന്റെ സെക്യുലര്‍ ജീവിതം: രഞ്ജന്‍പ്രമോദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തിലെ സെക്യുലറിസവും സാസ്‌കാരിക ജീവിതവും ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ്. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന് നല്‍കിയ അഭിമുഖത്തില്‍ കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പുറത്തുള്ള മുസ്‌ലിമിന് കേരളത്തിലെ മുസ്‌ലിങ്ങളെ മനസിലാകുകയില്ലെന്നും പുറത്തുള്ളൊരു മുസ്‌ലിമിന് കേരളത്തിലെ മുസ്‌ലിങ്ങളുടെ ചില പ്രവര്‍ത്തികള്‍ ഇഷ്ടപ്പെടുന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഒരിക്കലും ഒരു നോര്‍ത്തിന്ത്യക്കാരന് മനസിലാകുന്നതല്ല കേരളത്തിലെ സാംസ്‌കാരിക ജീവിതവും കേരളത്തിന്റെ സെക്യുലറിസവും. എന്തിനേറെ, പുറത്തുള്ള ഒരു മുസ്‌ലിമിന് പോലും മനസിലാക്കാന്‍ പറ്റില്ല. പുറത്തുള്ള ഒരു മുസ്‌ലിമിന് ചിലപ്പോള്‍ ഇഷ്ടപ്പെടാത്ത കാര്യങ്ങളായിരിക്കും ചിലപ്പോള്‍ ഇവിടെയുള്ള മുസ്‌ലിംസ് ചെയ്യുന്നത്.

ഉദാഹരണം പറയുകയാണെങ്കില്‍, പ്രളയ കാലത്ത് ഇവിടെയുള്ള അമ്പലങ്ങള്‍ക്കകത്തെല്ലാം വെള്ളവും ചെളിയും കയറിയിരുന്നു. ആ ഏരിയ മുഴുവന്‍ ക്ലീന്‍ ചെയ്ത് കൊടുത്തത് അവിടെയുള്ള മുസ്‌ലിങ്ങളായിരുന്നു. അവരുടെ പക്കല്‍ അന്ന് അതിനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. അതെല്ലാം ക്ലീന്‍ ചെയ്ത് അവസാനം അവിടെ വെച്ച് നിസ്‌കരിച്ചാണ് അവര്‍ തിരികെ പോന്നത്. അവരുടെ മതം ഒരിക്കലും അതിന് തടസ്സമായി നിന്നിട്ടില്ല. അവരത് ചെയ്തിട്ടുണ്ട്. അവര്‍ ഇപ്പറയുന്ന ആളുകളായിരുന്നെങ്കില്‍ (കേരള സ്റ്റോറിയില്‍ പറയുന്നത് പോലെ) അമ്പലങ്ങളൊക്കെ നശിച്ചു പൊയ്‌ക്കോട്ടെ എന്ന് വിചാരിച്ചാല്‍ പോരായിരുന്നോ.

ഭയങ്കര ഫെനറ്റിക്‌സായി ചിന്തിക്കുന്ന ആളുകളുമുണ്ടായിരിക്കാം. അതൊക്കെ ഒറ്റപ്പെട്ടതാണ്. അതുകൊണ്ട് എല്ലാ മുസ്‌ലിംസും അങ്ങനെയാണെന്ന് നമുക്ക് പറയാനാകില്ലല്ലോ. എങ്ങനെയാണ് നമുക്കത് പറയാനാകുക. ഭയങ്കര ഫെനറ്റിക്‌സായിട്ടുള്ള, ഇടുങ്ങിയ ചിന്താഗതിക്കാരായിട്ടുള്ള ആളുകള്‍ എല്ലാ മതത്തിലും ഉണ്ടാകും.

മുസ്‌ലിങ്ങളില്‍ മാത്രമല്ല ഹിന്ദുക്കളിലും ഉണ്ടാകും തീവ്രമായിട്ടുള്ള ആളുകള്‍. കുറെ മണ്ടന്‍മാര്‍ കുറെ മണ്ടത്തരം പറയുന്നു എന്നത് കൊണ്ട് അതൊരു മുഖ്യധാരയെയോ അവരുടെ ജീവതത്തെയോ ബാധിക്കുന്നില്ല. അവരത് പറയുന്നുണ്ട്, അവര്‍ തമ്മിലടിക്കുന്നുണ്ട്, അവര്‍ വെട്ടിച്ചാവുന്നുണ്ട്,’ രഞ്ജന്‍ പ്രമോദ് പറഞ്ഞു.

CONTENT HIGHLIGHTS; North Indians don’t understand the secular life of Kerala: Ranjanpramod

Latest Stories

We use cookies to give you the best possible experience. Learn more