കേരളമെന്താ പ്രത്യേകം ഒരു രാജ്യമാണോ? ഇന്ത്യയുടെ പേരിനൊപ്പം കേരളത്തെ പ്രത്യേകം പരാമര്‍ശിച്ചത് എന്തിനാണ്? ഇത് വളരെ അരോചകമാണ്…
ചില ഉത്തരേന്ത്യന്‍ പ്രൊഫൈലുകളില്‍ നിന്നും കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന ട്വീറ്റുകളിലെയും പോസ്റ്റുകളിലെയും കണ്ടന്റിന്റെ ആകെത്തുകയാണ് ഇത്.
ഇവര്‍ ഇത്രയും അസഹിഷ്ണുത കാണിക്കാന്‍ കാരണം ഒന്നുമാത്രമാണ്. ഫുട്‌ബോളിനെയും അര്‍ജന്റീന എന്ന ടീമിനെയും കേരളം അത്രയേറെ സ്‌നേഹിക്കുന്നതും ആ സ്‌നേഹത്തിന് അന്താരാഷ്ട്ര തലത്തില്‍ അര്‍ജന്റൈന്‍ ടീമില്‍ നിന്ന് പോലും അംഗീകാരം ലഭിക്കുന്നതും…
പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ടുനിന്ന അത്യാവേശകരമായ പോരാട്ടത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിക്കൊണ്ട് ലാറ്റിനമേരിക്കന്‍ വമ്പന്മാരായ അര്‍ജന്റീന ലോകഫുട്‌ബോളിന്റെ നെറുകയിലെത്തിയിരിക്കുകയാണ്.
36 വര്‍ഷത്തിന് ശേഷം, അതും മെസിക്ക് കീഴില്‍ ആദ്യമായി ടീം കിരീടം നേടിയതില്‍ കേരളത്തിലെ അര്‍ജന്റൈന്‍ ആരാധകര്‍ മതിമറന്ന് ആഘോഷിക്കുന്ന സമയം കൂടിയാണ് ഇത്. ഇതിന് ഇരട്ടി മധുരം നല്‍കിക്കൊണ്ടാണ് കിരീടനേട്ടത്തിന് പിന്നാലെ കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് അര്‍ജന്റൈന്‍ ഫുട്ബോള്‍ ടീം രംഗത്തെത്തിയത്.
ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇന്ത്യയിലെയും പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ആരാധകര്‍ക്ക് നന്ദിയറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്തത്.
‘നന്ദി ബംഗ്ലാദേശ്, നന്ദി കേരള, ഇന്ത്യ, പാകിസ്ഥാന്‍. നിങ്ങളുടെ പിന്തുണ വലുതായിരുന്നു,’ എന്നാണ് അര്‍ജന്റൈന്‍ ടീം ട്വീറ്റ് ചെയ്തത്.
ട്വീറ്റില്‍ രാജ്യങ്ങളുടെ പേരിലല്ലാതെ അര്‍ജന്റൈന്‍ ടീം മെന്‍ഷന്‍ ചെയ്ത ഏക സംസ്ഥാനം കേരളം മാത്രമായിരുന്നു.
അര്‍ജന്റീനക്ക് പുറത്ത് ബംഗ്ലാദേശിലും, ഇന്ത്യയിലുമാണ് അര്‍ജന്റീന ഫുട്ബോള്‍ ടീമിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ തന്നെ ഇന്ത്യയില്‍ കേരളത്തിലും കൊല്‍ക്കത്തയിലുമാണ് ഇന്ത്യയിലെ അര്‍ജന്റീനയുടെ വലിയ ആരാധക കൂട്ടമുള്ളത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഈ ട്വീറ്റ് വായിക്കേണ്ടതും.
എന്നാല്‍ ഇത് ചില ഉത്തരേന്ത്യന്‍ പ്രൊഫൈലുകള്‍ക്ക് ഈ ട്വീറ്റ് അത്ര പിടിച്ചിട്ടില്ല.
യു.പി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ പ്രൊഫൈലുകളാണ് വിഷയത്തില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് പ്രതികരിക്കുന്നത്.
ഇന്ത്യയില്‍ നിന്ന് പ്രത്യേകമായി കേരളത്തെ മാത്രം പരിഗണിച്ചുവെന്നാണ് ഇവരുടെ പരാതി.
”അര്‍ജന്റൈന്‍ ടീമിന്റെ ഔദ്യോഗിക സ്പോര്‍ട്സ് ബോഡിയില്‍ നിന്ന് വന്ന ഈ ട്വീറ്റ് അശ്രദ്ധയാണ്. അതില്‍ കേരളത്തെ പ്രത്യേകമായി തിരുകിക്കയറ്റിയിരിക്കുന്നു.
ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും പുറത്തുകടന്ന മൂന്ന് രാഷ്ട്രങ്ങളുടെ ഇടയില്‍ കേരളത്തെ പ്രത്യേകമായി പരാമര്‍ശിച്ചത് ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും അരോചകമായി തോന്നും, വെറുപ്പോടെയാണ് ഇത് വായിക്കുക,” എന്നാണ് യു.പി പൊലീസില്‍ ഡി.എസ്.പിയായ അഞ്ജലി കതാരിയയുടെ ഹാന്‍ഡിലില്‍ നിന്നും ട്വീറ്റ് ചെയ്തത്.
”അര്‍ജന്റീനയുടെ പേജില്‍ നിന്നുള്ള ആ ട്വീറ്റ് തെറ്റായ രീതിയില്‍ കണ്‍സീവ് ചെയ്യപ്പെടുകയും മോശമായി പ്രചരിക്കുകയും ചെയ്തതായി ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
അവര്‍ കേരളത്തെ പ്രത്യേകമായി പരാമര്‍ശിക്കാന്‍ പാടില്ലായിരുന്നു, അതും ഇന്ത്യയ്ക്കും ബംഗ്ലാദേശിനും പാകിസ്ഥാനും ഇടയിലാണ് എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്,” എന്ന് ഇതേ പ്രൊഫൈലില്‍ നിന്നും രണ്ടാമതും ട്വീറ്റ് ചെയ്തിട്ടുണ്ട്.
സമാനമായി മറ്റ് നിരവധി ട്വീറ്റുകളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഈ വിമര്‍ശനങ്ങളോട് കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇതേ ഭാഷയില്‍ മറുപടി പറയുന്നുമുണ്ട്.
Content Highlight: north indian profiles against argentinas tweet that specifically mentions kerala