| Friday, 21st May 2021, 9:04 am

ഇത് ഉത്തരേന്ത്യയല്ല, കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ പാര്‍ട്ടിവളര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം വളരില്ല; ബി.ജെ.പിയോട് ആര്‍.എസ്.എസ് വാരിക 'കേസരി'

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ മാതൃക കേരളത്തില്‍ വിലപോകില്ലെന്ന് ബി.ജെ.പിക്ക് ആര്‍.എസ്.എസ്. വാരിക ‘കേസരി’യിലൂടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് മുക്ത യാഥാര്‍ത്ഥ്യത്തിലേക്കെന്നു വിലയിരുത്തുമ്പോഴും വടക്കെ ഇന്ത്യന്‍ മാതൃകയിലുള്ള പ്രവര്‍ത്തനം കേരളത്തില്‍ നടക്കില്ലെന്നും വ്യത്യസ്ത ലേഖനങ്ങളിലൂടെ കേസരിയില്‍ പറയുന്നു.

‘കോണ്‍ഗ്രസ് സംസ്‌കാരത്തില്‍ പാര്‍ട്ടിവളര്‍ത്താന്‍ ശ്രമിച്ചാല്‍ കേരളത്തില്‍ ഹിന്ദുത്വരാഷ്ട്രീയം വളരില്ല. കുറഞ്ഞപക്ഷം ഇടതുപക്ഷം അവരുടെ ശക്തികേന്ദ്രങ്ങള്‍ പോറ്റിവളര്‍ത്തുന്നതെങ്ങനെയെന്നു പഠിക്കണം. ക്രിസ്ത്യന്‍, മുസ്‌ലീം ന്യൂനപക്ഷങ്ങളിലേക്ക് എല്‍.ഡി.എഫ്. കടന്നു വന്നതോടെ കോണ്‍ഗ്രസ് അപ്രസക്തമായി.

സി.പി.ഐ.എം അതിന്റ വക്താക്കളിലൂടെയും പ്രവര്‍ത്തനങ്ങളിലുടെയും മുസ്‌ലീംസ്വത്വത്തെ ഉള്‍ക്കൊണ്ടിരിക്കുന്നു. ക്യാപ്റ്റനായും ഇരട്ടച്ചങ്കനായും പിണറായി വിജയനെ ഉയര്‍ത്തിക്കാട്ടിയപ്പോള്‍ കോണ്‍ഗ്രസ് മുന്നണി നേതാവില്ലാതെ യുദ്ധത്തിനിറങ്ങി,’ എന്നിങ്ങനെയാണ് കേസരിയിലെ വ്യത്യസ്ത ലേഖനങ്ങളില്‍ പറയുന്നത്.

ഹിന്ദു ഫാസിസം എന്ന ഇടതു പ്രചാരണത്തിന് ബദല്‍ പ്രചാരണം ഉണ്ടായില്ല. പി.ആര്‍. വര്‍ക്കില്‍ കേന്ദ്രീകരിച്ച ശൈലി, ഇല്ലാത്ത ഹിന്ദു ഭീകരതയെ ഉയര്‍ത്തിക്കാട്ടി. പാറശ്ശാല മുതല്‍ കാസര്‍കോടുവരെ മുസ്‌ലിം ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടാക്കിയാണ് ഇടതുപക്ഷ അധികാരത്തിലെത്തിയതെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

ഭക്ഷ്യ കിറ്റും ക്ഷേമ പെന്‍ഷനും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ശതമാനം ജനങ്ങളെ എല്‍.ഡി.എഫിലേക്ക് ആകര്‍ഷിച്ചു. മഹാമാരിക്കാലത്ത് സര്‍ക്കാര്‍ കരുതലെടുക്കുന്നു എന്ന പ്രതീതി ജനമനസ്സിലുണ്ടാക്കി. ഇതൊക്കെ സര്‍ക്കാരിന്റെ അഴിമതികളുടെ പരമ്പര സ്വാധീനിക്കുന്നത് തടഞ്ഞുവെന്നും ലേഖനങ്ങള്‍ വിലയിരുത്തുന്നു.

മുസ്‌ലീം ലീഗ് കൂടെ ഉണ്ടായിട്ടും ജിഹാദി ഇടതു പ്രചരണ യുദ്ധത്തെ തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഇന്നത്തെ സാഹചര്യത്തില്‍ മറ്റു പല സംസ്ഥാനങ്ങളെപ്പോലെ കേരളവും കോണ്‍ഗ്രസ് മുക്തമാകാന്‍ സാധ്യതയുണ്ടെന്നും ഇടതുമുന്നണി അതിനുള്ള പദ്ധതി തയ്യാറാക്കിയെന്നും വാരിക പറയുന്നു.

ആരോഗ്യപരമായ ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും കോണ്‍ഗ്രസ് ഇല്ലാതാകുന്നത് അനഭിലഷണിയമോ എന്നത് തര്‍ക്ക വിഷയമായമാണ്. എന്നാല്‍ അത് ചരിത്രപരമായ അനിവാര്യതയാണെന്ന സന്ദേശമാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നല്‍കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. സമുദായ സംഘടനകളുടെ പിന്നില്‍നിന്നുള്ള കുത്തിനെ അതിജീവിച്ചാലേ ഹിന്ദു രാഷ്ട്രീയത്തിന് ഭാവിയുണ്ടാകൂവെന്ന് ലേഖനത്തില്‍ മുന്നറിപ്പ് നല്‍കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS : North Indian model will not work in Kerala RSS Warning BJP through the  weekly ‘Kesari’

We use cookies to give you the best possible experience. Learn more