| Wednesday, 11th October 2017, 8:06 am

ഇതര സംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുന്നുവെന്ന വ്യാജപ്രചരണത്തിനു പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള മലയാളികളെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെ മലയാളികള്‍ കൊലപ്പെടുത്തുകയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകള്‍ വഴി സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള മലയാളികളെന്ന് പൊലീസ്. ഉത്തരേന്ത്യയാണ് ഇത്തരം സന്ദേശങ്ങളുടെ ഉറവിടണമെന്നും അന്വേഷണം തുടരുകയാണെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി.എം അബ്ദുല്‍വഹാബ് പറഞ്ഞു.

ഉത്തരേന്ത്യയില്‍ നടന്ന പല അക്രമങ്ങളില്‍ നിന്നും എടുത്ത ദൃശ്യങ്ങളിലും ഇന്റര്‍നെറ്റില്‍ എടുത്ത ചിത്രങ്ങളും ഫോട്ടോഷോപ്പ് ചെയ്താണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കേരളത്തില്‍ അവര്‍ക്കെതിരെ നടന്ന അതിക്രമങ്ങള്‍ എന്നു പറഞ്ഞ് വ്യാപകമായി പ്രചരിപ്പിക്കുന്നത്. തൊഴിലാളികള്‍ കൂട്ടത്തോടെ തിരിച്ചുപോകുന്നതിനും ഇത്തരം സന്ദേശങ്ങള്‍ കാരണമായിരുന്നു.

നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ ഇതിനകം തന്നെ നാട്ടിലേക്കു മടങ്ങിയിട്ടുണ്ട്. കോഴിക്കോട്ടെ മുപ്പതിനായിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളില്‍ അഞ്ഞൂറോളം പേര്‍ ഇതിനകം നാട്ടിലേക്കു തിരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വ്യാജ പ്രചരണങ്ങള്‍ക്കെതിരെ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സന്ദേശങ്ങളുടെ ഉറവിടം ഉത്തരേന്ത്യയാണെന്ന് കണ്ടെത്തിയത്.


Also Read: വെള്ളിത്തിരയില്‍ നിന്നും കോണ്‍ഗ്രസിന്റെ ഐ.ടി സെല്‍ തലപ്പത്തേക്ക്; രാഹുല്‍ ഗാന്ധിയുടെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ക്ക് പിന്നിലെ മാറ്റത്തിന്റെ തലച്ചോറായി രമ്യ


തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സാമൂഹിക ഘടന തകര്‍ക്കാനുള്ള ഗൂഢാലോചനയുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൂടാതെ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെ അധിക്ഷേപിക്കാന്‍ ദേശീയ തലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന ഗൂഢാലോചനയാണോ ഇതിനുപിന്നില്‍ എന്നും സംശയമുയരുന്നുണ്ട്. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ആസാം, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വ്യാജ സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഡി.സി.പി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോഴിക്കോട്ടെത്തി ഇത്തരം സന്ദേശങ്ങള്‍ പരിശോധിച്ചുവരികയാണ്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ജോലി ചെയ്യുന്ന ബംഗാളിയെ കൊന്ന് കെട്ടിത്തൂക്കിയെന്ന ശബ്ദസന്ദേശമാണ് വളരെയധികം പ്രചരിപ്പിക്കപ്പെട്ട വ്യാജസന്ദേശങ്ങളില്‍ ഒന്ന്. ഇതിനു പുറമേ ഉത്തരേന്ത്യയില്‍ നടന്ന കലാപത്തിന്റെ ദൃശ്യങ്ങള്‍വരെ ഫോട്ടോഷോപ്പ് ചെയ്ത് വ്യാജപ്രചരണങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. ആര്‍ക്കെങ്കിലും പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നവയല്ല ഇത്തരം ചിത്രങ്ങളെന്നും അതുകൊണ്ടുതന്നെ ഇതിനുപിന്നില്‍ ഒരു വിദഗ്ധ സംഘം തന്നെയുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിരീക്ഷണം.

We use cookies to give you the best possible experience. Learn more