| Monday, 8th July 2024, 8:31 am

ഉത്തരേന്ത്യയിൽ ഭൂഗർഭജല നിക്ഷേപം കുറയുന്നു; രണ്ട് പതിറ്റാണ്ടിനിടെ കുറഞ്ഞത് 450 ക്യൂബിക് കിലോമീറ്റർ ജലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഉത്തരേന്ത്യയിൽ ഭൂഗർഭജല നിക്ഷേപം കുറയുന്നതായി റിപ്പോർട്ട്. ഏകദേശം 450 ക്യൂബിക് കിലോമീറ്റർ ജലം രണ്ട് പതിറ്റാണ്ട് കൊണ്ട് നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐ.ഐ.ടി ഗാന്ധിനഗർ നടത്തിയ പഠനത്തിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്ത് വന്നത്.

കാലാവസ്ഥ വ്യതിയാനം വരും വർഷങ്ങളിൽ ഭൂഗർഭജല ശോഷണത്തെ ത്വരിതപ്പെടുത്തുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

‘ഇന്ത്യയിലെ ഏറ്റവും വലിയ റിസർവോയറായ ഇന്ദിരാ സാഗർ അണക്കെട്ടിലെ ജലത്തിൻ്റെ ഏകദേശം 37 മടങ്ങ് കൂടുതൽ ഭൂഗർഭ ജലമാണ് കുറഞ്ഞത്,’ റിപ്പോർട്ട് നിർമാണത്തിലെ പ്രധാനിയായ വിമൽ മിശ്ര പറഞ്ഞു.

ഓൺ-സൈറ്റ് നിരീക്ഷണങ്ങൾ ഉപഗ്രഹ ഡാറ്റ, മോഡലുകൾ എന്നിവ ഉപയോഗിച്ചാണ് ഗവേഷകർ വിവരങ്ങൾ കണ്ടെത്തിയത്. ഉത്തരേന്ത്യയിലുടനീളം മൺസൂൺ സീസണിൽ (ജൂൺ-സെപ്റ്റംബർ) മഴ 1951-2021 മുതൽ 8.5 ശതമാനം കുറഞ്ഞു എന്നും പഠനത്തിൽ പറയുന്നുണ്ട്. അതേ കാലയളവിൽ ഈ മേഖലകളിലെ ശൈത്യകാലത്ത് 0.3 ഡിഗ്രി സെൽഷ്യസ് ചൂട് കൂടിയതായി അവർ കണ്ടെത്തി.

ഹൈദരാബാദിലെ നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (എൻ.ജി.ആർ.ഐ) ഗവേഷകരും ഉൾപ്പെടുന്ന സംഘം മൺസൂണിലെ കുറഞ്ഞ മഴയും ശൈത്യകാലത്തെ ചൂടും ജലസേചന ജലത്തിൻ്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ഭൂഗർഭജല റീചാർജ് കുറയ്ക്കുകയും ചെയ്യുമെന്ന് കണ്ടെത്തി.

വരണ്ട മൺസൂൺ, മഴക്കുറവുള്ള സമയങ്ങളിൽ വിളകൾ നിലനിർത്താൻ ഭൂഗർഭജലത്തെ കൂടുതൽ ആശ്രയിക്കുന്നതിലേക്ക് നയിക്കുന്നുവെന്നും ഇത് ചൂടുള്ള ശൈത്യകാലത്തിനും താരതമ്യേന വരണ്ട മണ്ണിനും കാരണമാകുന്നു. അതോടെ ജലസേചനം വീണ്ടും ആവശ്യമായി വരുന്നു.

2022 ലേത് അസാധാരണമായ ചൂടുള്ള ശൈത്യകാലമായിരുന്നെന്നും ഗവേഷകർ നിരീക്ഷിച്ചു.

കാലാവസ്ഥാ വ്യതിയാനം കൂടുതൽ മഴയ്ക്ക് കാരണമാകുമെങ്കിലും ഭൂരിഭാഗം ജലവും ഭൂഗർഭജലമാകാതെ ഒഴുകി പോവുകയാണെന്നും മിശ്ര പറഞ്ഞു .

മൺസൂൺ മഴയുടെ കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടേറിയ ശൈത്യകാലം, ഭൂഗർഭജല റീചാർജിൽ ഏകദേശം 6-12 ശതമാനം ഇടിവ് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും പഠനത്തിൽ പറയുന്നുണ്ട്. എർത്ത്‌സ് ഫ്യൂച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുന്നതിനായി നടത്തിയ പഠനം ആണിത്.

ഭൂഗർഭജലം പുനഃസ്ഥാപിക്കുന്നതിന്, കൂടുതൽ ദിവസങ്ങളിൽ കുറഞ്ഞ തീവ്രതയുള്ള മഴ പെയ്യണം. ഭൂഗർഭ ജലനിരപ്പിലെ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണങ്ങൾ വേനൽക്കാല മൺസൂണിൽ ലഭിക്കുന്ന മഴയെയും അതത് സീസണുകളിൽ വളരുന്ന വിളകൾക്ക് ജലസേചനത്തിനായി പമ്പ് ചെയ്യപ്പെടുന്ന ഭൂഗർഭജലത്തെയും ആശ്രയിച്ചിരിക്കുന്നു എന്നും മിശ്ര കൂട്ടിച്ചേർത്തു.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഴയുടെ വർദ്ധനവ് നമ്മുടെ ജലപ്രശ്നങ്ങൾ പരിഹരിക്കുമെന്ന ശുഭാപ്തിവിശ്വാസത്തെ ഈ പഠനം ഇല്ലാതാക്കുന്നുവെന്നും മിശ്ര പറഞ്ഞു.

Content Highlight: North India lost 450 cubic km of groundwater in 2 decades: Study

We use cookies to give you the best possible experience. Learn more