| Tuesday, 3rd April 2018, 8:24 am

ഭാരത് ബന്ദില്‍ ദളിത് രോഷം ഇരമ്പി; പൊലീസ് വെടിവെപ്പില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു: നിരോധനാജ്ഞ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യുദല്‍ഹി:എസ്.സി.എസ്.ടി ആക്ട് ദുര്‍ബലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് നേരെ  പൊലീസ് നരനായാട്ട്. പൊലീസിന്റെയും സൈന്യത്തിന്റെയും വേട്ടയില്‍ 9 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും രാജസ്ഥാനിലുമടക്കം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. പലയിടത്തും റദ്ദാക്കിയ മൊബൈല്‍ ഫോണ്‍ സേവനം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.

നിയമം ശക്തിപ്പെടുത്താന്‍ ഉടന്‍ ഭേദഗതി കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമാകും വരെ കേന്ദ്ര സര്‍ക്കാര്‍ പുനപരിശോധന ഹരജി വൈകിപ്പിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. സംഘര്‍ഷത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനും സുപ്രീംകോടതിക്കും ആണെന്ന് ബരിപന്‍ ബഹുജന്‍ മഹാസങ് നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു. വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് കേന്ദ്രമന്ത്രി റംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു.


Read Also : ഹിമാചലിലും കര്‍ഷകര്‍ തെരുവിലേക്ക്; അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ നാളെ നിയമസഭാ മന്ദിരം വളയും


സമരക്കാരെ പൊലീസ് വളഞ്ഞ് ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ സമരക്കാര്‍ സാമൂഹ്യ വിരുദ്ധരാണെന്നും അവര്‍ക്കെതിരെ കേസെടുത്ത് വരികയാണെന്നും മീററ്റ് എസ്.എസ്.പി മന്‍സില്‍ സൈനി പറഞ്ഞു. ഇരുന്നൂറോളം പേരെ മീററ്റില്‍ കസ്റ്റഡിയിലെടുത്തതായും അവര്‍ അറിയിച്ചു.

ബിഹാറിലും ഒഡീഷയിലും പ്രതിഷേധക്കാര്‍ റെയില്‍വേ ട്രാക്ക് ഉപരോധിച്ചു. വിവിധ ദളിത് സംഘടനകള്‍ക്കൊപ്പം സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകരും ബിഹാറില്‍ പ്രതിഷേധത്തിനിറങ്ങി. ഉത്തര്‍പ്രദേശില്‍ ഹൈവേ അടക്കം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. ആഗ്രയില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി.


Read Also :ഗൗരി ലങ്കേഷ് വധം; അറസ്റ്റിലായ നവീന്‍ കുമാര്‍ സനാതന്‍ സന്‍സ്ഥയുടെ യോഗങ്ങളില്‍ സജീവ സാന്നിധ്യമെന്ന് സ്ഥിരീകരണം


പട്ടികജാതി-പട്ടികവര്‍ഗ (പീഡനം തടയല്‍) നിയമപ്രകാരം ഉടനെ കേസെടുത്ത് അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുളള സുപ്രീം കോടതി വിധി റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ദളിത് സംഘടനകള്‍ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. സമരത്തിന് കോണ്‍ഗ്രസ്, സി.പി.ഐ, ഇടത് യൂണിയനുകള്‍, ജനതാദള്‍ തുടങ്ങിയ കക്ഷികളുടെ പിന്തുണയുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more