| Tuesday, 3rd February 2015, 5:11 pm

'കുടിയേറ്റക്കാരായ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍' ബി.ജെ.പി ദര്‍ശനരേഖയിലെ പരാമര്‍ശം വിവാദമാവുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: ഫെബ്രുവരി ഏഴാം തിയ്യതി നടക്കുന്ന ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ ദര്‍ശന രേഖയില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരെ കുടിയേറ്റക്കാരാണെന്ന് വിശേഷിപ്പിച്ചത് വിവാദമാവുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കായുള്ള ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലാണ് വടക്ക് കിഴക്കന്‍ സംസ്ഥാനക്കാരായ കുടിയേറ്റക്കാരെ ബി.ജെ.പി സംരക്ഷിക്കുമെന്ന പരമാര്‍ശം നടത്തിയിരിക്കുന്നത്.

ഇരുപതോളം പേജുകളുള്ള ദര്‍ശന രേഖയിലെ പതിനാലാം പേജിലാണ് വിവാദപരമായ പരാമര്‍ശം ഉള്‍പ്പെട്ടിട്ടുള്ളത്. ദല്‍ഹിയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ക്കായി സ്‌പെഷ്യല്‍ സെല്‍ സ്ഥാപിക്കുമെന്ന് ദര്‍ശന രേഖയില്‍ പറയുന്നുണ്ട്. അതേ സമയം പരമാര്‍ശം തെറ്റാണെന്നും ഇക്കാര്യത്തില്‍ ബി.ജെ.പി മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കന്‍ പറഞ്ഞു.

നിലവില്‍ ദല്‍ഹിയിലടക്കം രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ വിവിധ തരത്തിലുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നിദോ താനിയാം എന്ന അരുണാചല്‍ പ്രദേശില്‍ നിന്നുള്ള വിദ്യാത്ഥിയെ ദല്‍ഹിയില്‍ നഗരമധ്യേ കൊലപ്പെടുത്തിയിരുന്നു. ഇത് കൂടാതെ വിവിധ രീതിയിലുള്ള അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും വടക്ക് കിഴക്കന്‍ സംസ്ഥാനക്കാര്‍ ദല്‍ഹിയില്‍ നിരന്തരമായി ഇരയാവേണ്ടി വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more