തനിക്കിവിടെ നിൽക്കാൻ ഇഷ്ടമില്ലെങ്കിൽ താനിവിടുന്ന് പൊക്കോ, ഇത്രയൊക്കെ സൗകര്യമേ ഇവിടെയുള്ളൂ; ഐ.എസ്.എൽ മത്സരത്തിനിടെ ക്ലബ്ബ് വിടേണ്ടി വന്ന് താരം
Football
തനിക്കിവിടെ നിൽക്കാൻ ഇഷ്ടമില്ലെങ്കിൽ താനിവിടുന്ന് പൊക്കോ, ഇത്രയൊക്കെ സൗകര്യമേ ഇവിടെയുള്ളൂ; ഐ.എസ്.എൽ മത്സരത്തിനിടെ ക്ലബ്ബ് വിടേണ്ടി വന്ന് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 24th October 2022, 1:01 pm

ഐ.എസ്.എൽ 2022-23 സീസണിലെ മത്സരങ്ങൾ നടന്നുക്കൊണ്ടിരിക്കെ അപ്രതീക്ഷിതമായി ക്ലബ്ബ് വിട്ട് നൈജീരിയൻ താരം.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിൽവസ്റ്റർ ഈഗ്ബൺ ആണ് ക്ലബ്ബ് അനുവദിച്ച സേവനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ക്ലബ്ബ് വിട്ടത്.

നിലവാരം കുറഞ്ഞ സൗകര്യങ്ങളാണ് സംഘാടകർ തങ്ങൾക്കായി ഒരുക്കിയതെന്നും മോശം താമസ സൗകര്യവുമായി പൊരുത്തപ്പെട്ടു പോകാൻ പ്രയാസമാണെന്നും ഉന്നയിച്ചാണ് സിൽവസ്റ്റർ ക്ലബ്ബ് വിട്ടതെന്ന് ഖേൽ നൗ റിപ്പോർട്ട് ചെയ്തു.

ഈ സീസണിൽ ഏറ്റവും അവസാനം സൈനിങ് നടത്തിയ വിദേശതാരമാണ് നൈജീരിയൻ സ്‌ട്രൈക്കറായ സിൽവസ്റ്റർ.

വിസാ പ്രശ്‌നങ്ങൾ കാരണം ഗുവാഹത്തിയിലെത്താൻ വൈകിയ താരത്തിന് നോർത്ത് ഈസ്റ്റിന് വേണ്ടി ആദ്യ മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിലെ അവസാന മിനിട്ടുകളിലാണ് സിൽവസ്റ്റർ ക്ലബ് അരങ്ങേറ്റം കുറിച്ചത്.

കളത്തിലിറങ്ങി കുറഞ്ഞ സമയം കൊണ്ട് തന്നെ മികച്ച് പ്രകടനം പുറത്തെടുത്ത് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകിയ താരമാണ് സിൽവസ്റ്റർ. ഈസ്റ്റ് ബംഗാളിനെതിരെ വേഗതയേറിയ ‘ഓൺ-ദി-ബോൾ’ മൂവ്‌മെന്റ്‌സാണ് താരം കാഴ്ച വെച്ചത്.

തോൽവിയുറപ്പിച്ച സ്ഥാനത്ത് നിന്ന് നോർത്ത് ഈസ്റ്റിന് ആശ്വാസമായത് സിൽവസ്റ്ററിന്റെ തന്ത്രപരമായ മുന്നേറ്റമായിരുന്നു.

എന്നാലിപ്പോൾ താരം ക്ലബ് വിട്ടുവെന്ന വാർത്ത നോർത്ത് ഈസ്റ്റ് ആരാധകരെ മാത്രമല്ല, ഇന്ത്യൻ ഫുട്‌ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

അതേസമയം കളിക്കാർക്ക് നോർത്ത് ഈസ്റ്റ് ഒരുക്കിയ താമസസൗകര്യങ്ങൾ ഒട്ടും മികച്ചതല്ല എന്ന് തോന്നിയതാണ് ക്ലബ് വിടാൻ സിൽവസ്റ്ററിനെ പ്രേരിപ്പിച്ചതെന്നാണ് ഖേൽ നൗവിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ടീമിലെ മറ്റ് താരങ്ങൾക്കും ഈ സൗകര്യങ്ങളിൽ അതൃപ്തിയുണ്ടെന്നും, ആദ്യം പ്രതികരിച്ചത് സിൽവസ്റ്ററാണെന്നും റിപ്പോർട്ടിലുണ്ട്.

മുമ്പ് ഗുവാഹത്തി നഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലൊന്നായ റാഡിസൻ ബ്ലൂവിലാണ് നോർത്ത് ഈസ്റ്റ് കളിക്കാർക്കും സ്റ്റാഫിനും താമസസൗകര്യം ഒരുക്കിയിരുന്നത്.

എന്നാൽ ഇത്തവണ സ്റ്റേഡിയത്തിന് സമീപത്തുള്ള ഫ്‌ളാറ്റുകളാണ് താരങ്ങൾക്കായി ക്ലബ് അനുവദിച്ചതെന്നാണ് റിപ്പോർട്ട്.

ഐ.എസ്.എൽ പോലെയൊരു ടൂർണമെന്റിൽ അതൃപ്തി പ്രകടിപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം പുറത്ത് പോയത് ഒരു മാനേജ്മെന്റിന്റെ ഫുട്ബോൾ നടത്തിപ്പിലെ ഗൗരവത്തെക്കുറിച്ച് വലിയ ചോദ്യമുയർത്തുന്നതാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.

Content Highlights: North East United player leaves club due to poor accomodation and service during ISL matches