ഗുവാഹട്ടി: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന സായുധസേനാ വിശേഷാധികാര നിയമം (അഫ്സ്പ) വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നും നീക്കം ചെയ്യുമെന്ന് നോര്‍ത്ത്-ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് കണ്‍വീനര്‍ ഹിമാന്ത ബിസ്വ ശര്‍മ്മ. മേഘാലയയില്‍ പൂര്‍ണമായും അരുണാചല്‍ പ്രദേശില്‍ ഭാഗികമായും തിങ്കളാഴ്ച അഫ്‌സ്പ പിന്‍വലിച്ചതിന് പിന്നാലെയാണ് ആസാം ധനകാര്യമന്ത്രി കൂടിയായ ഹിമാന്തയുടെ പ്രതികരണം.
“അഫ്‌സ്പ പിന്‍വലിക്കുന്ന ഈ നീക്കം സ്വാഗതാര്‍ഹമാണ്. വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നും ഘട്ടം ഘട്ടമായി അഫ്‌സ്പ പിന്‍വലിക്കാന്‍ പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു”, ശര്‍മ പറഞ്ഞു. “ജനങ്ങളുടെ സഹകരണത്തോടെ, സര്‍ക്കാര്‍ വടക്കുകിഴക്കന്‍ മേഖലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നുംകൂടി അഫ്‌സ്പ പിന്‍വലിക്കും. എന്നാല്‍, ക്രമസമാധാനനില സംബന്ധിച്ച് ശരിയായ വിലയിരുത്തല്‍ നടത്തിയ ശേഷം മാത്രമായിരിക്കണം അത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാഗാലാന്‍ഡ്, മണിപ്പൂര്‍, ത്രിപുര, അരുണാചല്‍ പ്രദേശ്, ജമ്മു-കാശ്മീര്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ അഫ്‌സ്പ നിലനില്‍ക്കുന്നുണ്ട്. 2015ല്‍ ത്രിപുരയില്‍ നിന്നും സര്‍ക്കാര്‍ ഈ നിയമത്തെ പിന്‍വലിച്ചിരുന്നു. മേഘാലയയില്‍ പൂര്‍ണമായും അരുണാചല്‍ പ്രദേശില്‍ ഭാഗികമായും അഫ്‌സ്പ ഇന്നലെയാണ് പിന്‍വലിച്ചത്.
മണിപ്പൂര്‍, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലായി വിദേശ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ നീക്കാനും തിങ്കളാഴ്ച തീരുമാനമായിരുന്നു. എന്നാല്‍, പാകിസ്താന്‍, ചൈന, അഫ്ഗാനിസ്താന്‍ ഉള്‍പ്പടെ ഇന്ത്യയുമായി അടുത്ത സൗഹൃദത്തിലല്ലാത്ത രാജ്യങ്ങളിലെ സന്ദര്‍ശകര്‍ക്ക് വിലക്കുകള്‍ നിലനില്‍ക്കും.
Watch DoolNews Video: