ഉമര്‍ ഖാലിദിന്റെ പ്രസംഗമെന്ന പേരില്‍ കാണിച്ചത് ബി.ജെ.പി പ്രചരിപ്പിച്ച ദൃശ്യങ്ങളാണെന്ന് സമ്മതിച്ച് റിപ്പബ്ലിക് ടി.വി; ദല്‍ഹി കോടതിയില്‍ തെളിവുമായി അഭിഭാഷകന്‍
delhi riot
ഉമര്‍ ഖാലിദിന്റെ പ്രസംഗമെന്ന പേരില്‍ കാണിച്ചത് ബി.ജെ.പി പ്രചരിപ്പിച്ച ദൃശ്യങ്ങളാണെന്ന് സമ്മതിച്ച് റിപ്പബ്ലിക് ടി.വി; ദല്‍ഹി കോടതിയില്‍ തെളിവുമായി അഭിഭാഷകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd August 2021, 8:15 pm

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ തനിക്കെതിരെ ഹാജരാക്കിയത് തട്ടിക്കൂട്ടിയ തെളിവുകളെന്ന് ജെ.എന്‍.യു. വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്. ബി.ജെ.പി ഐ.ടി സെല്ലില്‍ നിന്ന് പടച്ചുവിട്ട വീഡിയോ ദൃശ്യങ്ങളായിരുന്ന ചാനലുകള്‍ പ്രചരിപ്പിച്ചതെന്ന് ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍ ദല്‍ഹി കോടതിയെ അറിയിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ ത്രിദീപ് പയസാണ് ഉമറിന് വേണ്ടി ഹാജരായത്. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 715 എഫ്.ഐ.ആറാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇതിലൊന്നില്‍ പോലും ഉമര്‍ ഖാലിദിന്റെ പേരില്ലെന്ന് പയസ് വാദിച്ചു.

‘ഉമറിന് മേല്‍ അനാവശ്യമായി യു.എ.പി.എ ചുമത്തിയതാണ്. പൗരത്വ നിയമത്തെ എതിര്‍ത്തു എന്നതാണ് ഇതിന് കാരണം,’ പയസ് പറഞ്ഞു.

പൂര്‍ണ്ണമായും കെട്ടിച്ചമച്ച കുറ്റപത്രമാണ് ദല്‍ഹി പൊലീസ് തയ്യാറാക്കുന്നത്. എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുള്ള പ്രസ്താവനകളും സാക്ഷിമൊഴികളും അബദ്ധജടിലവും പരസ്പരവിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെളിവെന്ന പേരില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ വീഡിയോകള്‍ക്ക് ആധികാരികതയില്ലെന്നും പയസ് പറഞ്ഞു.

റിപ്പബ്ലിക് ടി.വിയും ന്യൂസ് 18 നുമാണ് ഉമറിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നത്. ഈ ചാനലുകളുടെ വീഡിയോയാണ് അന്വേഷണസംഘം തെളിവായി കാണിക്കുന്നത്. എന്നാല്‍ ഇത് ഈ ചാനലുകാര്‍ ഷൂട്ട് ചെയ്ത വീഡിയോ അല്ലെന്ന്് പയസ് പറഞ്ഞു.

ഇക്കാര്യം ഈ മാധ്യമസ്ഥാപനങ്ങള്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘അവര്‍ (ചാനലുകാര്‍) സംഭവസ്ഥലത്ത് പോയിട്ടില്ല. അവര്‍ തന്നെ നല്‍കിയ മറുപടി പ്രകാരം ചാനലിന്റെ പക്കല്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇല്ല. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യയുടെ ട്വീറ്റില്‍ നിന്നാണ് അവര്‍ക്ക് ദൃശ്യങ്ങള്‍ ലഭിച്ചത്,’ പയസ് പറഞ്ഞു.

ഇതോടെ ദൃശ്യങ്ങള്‍ പരിശോധിക്കാതെയാണോ സംപ്രേഷണം ചെയ്തതെന്ന് കോടതി അഭിഭാഷകനോട് ചോദിച്ചു. അതേയെന്ന് മറുപടി നല്‍കിയ പയസ് റിപ്പബ്ലിക് ടി.വിയുടെ വിശദീകരണവും കോടതിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.

‘ആ ദൃശ്യങ്ങള്‍ ഞങ്ങളുടെ ക്യാമറാപേഴ്‌സണ്‍ എടുത്തതല്ല. അത് അമിത് മാളവ്യയുടെ ട്വീറ്റില്‍ നിന്നുള്ളവയായിരുന്നു,’ എന്നായിരുന്നു റിപ്പബ്ലിക് ടി.വിയുടെ മറുപടി.

ഇതിന് പിന്നാലെ ഉമറിന്റെ പ്രസംഗത്തിന്റെ മുഴുവന്‍ വീഡിയോയും അഭിഭാഷകന്‍ കോടതിയ്ക്ക് നല്‍കി. മാധ്യമപ്രവര്‍ത്തനത്തിന്റെ അന്ത്യമാണ് ഇവിടെ സംഭവിച്ചതെന്നും പയസ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് നടന്ന പ്രതിഷേധത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു ഉമര്‍ ഖാലിദിനെതിരെ യു.എ.പി.എ ചുമത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: North-east Delhi riots case: Framed by the Press, Umar Khalid’s lawyer tells court