വാഷിങ്ടണ്‍: അമേരിക്കയില്‍ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റിക്കു സമീപം മൂന്നു മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ മുസ്‌ലിങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു.
ചൊവ്വാഴ്ച രാത്രി നടന്ന കൊലപാതകങ്ങള്‍ക്ക് വേണ്ടത്ര പൊതുശ്രദ്ധ നല്‍കാത്തതിനെതിരെ നിരവധി മുസ്‌ലീങ്ങളാണ് രംഗത്തെത്തിയിട്ടുള്ളത്. മുസ്‌ലിംലൈവ്‌സ്മാറ്റര്‍ എന്ന ഹാഷ്ടാഗാണ് ട്വിറ്ററിലും മറ്റും ഈ വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നത്.
പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിനെതിരെ നിരവധി മുസ്‌ലിം നേതാക്കള്‍ രംഗത്തുവന്നു. മതവൈരമാണ് ആക്രമണത്തിനു കാരണമെന്നും ആ രീതിയിലുള്ള അന്വേഷണമാണ് വേണ്ടതെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇരയുടെ കുടുംബാംഗങ്ങളും ഈ ആവശ്യവുമായി രംഗത്തെത്തുണ്ട്.
ക്രൂരമായ കൊലപാതകങ്ങളുടെ മതപരമായ പ്രാധാന്യം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടാതെ പോയത് തന്നെ അസ്വസ്ഥപ്പെടുത്തുന്നെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സോഷ്യല്‍ പോളിസി ആന്റ് അണ്ടര്‍സ്റ്റാന്റിങ്ങിന്റെ ഡയറക്ടര്‍ ഡാലിയ മൊഗാഹെഡ് പറഞ്ഞു.
അക്രമിയുടെ ക്രൂരമായ ഈ നടപടിയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൊല്ലപ്പെട്ട ബറകാത്തിന്റെ സഹോദരി അധികൃതരോട് ആവശ്യപ്പെട്ടു. വൈരാഗ്യത്തില്‍ നിന്നുള്ള കൊലപാതകമാണെന്ന കണ്ടെത്തലുകള്‍ തള്ളിക്കളയുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മുസ് ലിം വിരുദ്ധ കൊലപാതകങ്ങളുടെ അനന്തരഫലമാണ് ഈ കൊലപാതകമെന്ന് അമേരിക്കയിലെ മുസ്‌ലിം സംഘടനകള്‍ ചൂണ്ടിക്കാട്ടി. സിറിയയില്‍ പാര്‍പ്പിടരഹിതരായ ആളുകള്‍ക്കുവേണ്ടി സജീവമായി രംഗത്തുവന്നിരുന്നവരാണ് കൊല്ലപ്പെട്ടതെന്ന് വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രതിയായ ഫിക്‌സിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
വിദ്യാര്‍ത്ഥികളായ ദിയാ ശാദി ബറകാത്(23), ഇദ്ദേഹത്തിന്റെ ഭാര്യ യസൂര്‍ മുഹമ്മദ്(21), റസാന്‍ മുഹമ്മദ് അബൂ സ്വാലിഹ(19) എന്നിവരാണ് കൊല്ലപ്പെട്ടത്.